തിരുവനന്തപുരം: ജീവനക്കാർക്ക് സൗകര്യങ്ങളൊരുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അർഹർക്ക് ക്വാർട്ടേഴ്സ് ലഭ്യമാക്കുകയാണ് സർക്കാർ നയമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മ്യൂസിയം ഒബ്സർവേറ്ററി ഹില്ലിൽ സർക്കാർ ജീവനക്കാർക്കായി രണ്ട് ബഹുനില ക്വാർട്ടേഴ്സുകളുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ദൂരസ്ഥലങ്ങളിൽ നിന്ന് വരുന്ന ഉദ്യോഗസ്ഥർക്ക് താമസസൗകര്യം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിപുലമായ സൗകര്യങ്ങളുള്ള മന്ദിരങ്ങൾ ഒരുക്കിയത്. പാലക്കാട്,നെടുമങ്ങാട് എന്നിവിടങ്ങളിൽ 18 ക്വാർട്ടേഴ്സുകൾ വീതം ഈ സർക്കാർ പണികഴിപ്പിച്ചു.കൊല്ലം, കോട്ടയം ജില്ലകളിലെ വർക്കിംഗ് വിമൻസ് ഹോസ്റ്റലുകളുടെ നിർമ്മാണവും പൂർത്തിയായി. ക്വാർട്ടേഴ്സുകളിൽ ജല കണക്ഷനുമായി ബന്ധപ്പെട്ട കുടിശിക ബിൽ സംബന്ധിച്ച പരാതികൾ പരിഹരിക്കാൻ വാട്ടർ അതോറിട്ടിയും പൊതുമരാമത്ത് വകുപ്പും ചേർന്ന് പ്രത്യേക അദാലത്തുകൾ സംഘടിപ്പിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.
മന്ത്രി ജി. സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. വി.എസ്. ശിവകുമാർ എം.എൽ.എ,കൗൺസിലർ പാളയം രാജൻ,പി.ഡബ്ല്യു.ഡി കെട്ടിട വിഭാഗം ചീഫ് എൻജിനിയർ ഹൈജീൻ ആൽബർട്ട്,ചീഫ് ആർകിടെക്റ്റ് പി.എസ്.രാജീവ്,സൂപ്രണ്ടിംഗ് എൻജിനിയർ എം.ജി. ലൈജു,എക്സിക്യൂട്ടീവ് എൻജിനിയർ കെ.ആർ.ബിജു,ഒബ്സർവേറ്ററി ക്വാർട്ടേഴ്സ് റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ബി. ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
തലസ്ഥാന നഗരത്തിന്റെ ഹൃദയഭാഗമായ നേപ്പിയർ കാഴ്ചബംഗ്ലാവിനും മൃഗശാലയ്ക്കും സമീപമായി അഞ്ചേക്കർ ഒബ്സർവേറ്ററി ഹില്ലിൽ രണ്ടു ബ്ലോക്കുകളിലായി 12 അപ്പാർട്ട്മെന്റുകളാണ് പുതുതായി നിർമ്മിച്ചിരിക്കുന്നത്.