liquor


തിരുവനനന്തപുരം: സംസ്ഥാനത്ത് മദ്യത്തിന്റെ പുതുക്കിയ വിൽപ്പന വില പ്രസിദ്ധീകരിച്ചു. ഏറ്റവും കുറഞ്ഞ വിലയുള്ള മദ്യത്തിനു പോലും 30 രൂപയുടെ വർദ്ധനയാണുള്ളത്. വില വർദ്ധനയിലൂടെ ഈ വർഷം സർക്കാരിന് 1000 കോടിയുടെ അധിക വരുമാനമുണ്ടാകുമെന്നാണ് വിലയിരുത്തൽ. ബിയറും വൈനുമൊഴികെ എല്ലാ മദ്യത്തിനും വിലവർദ്ധനയുണ്ട്. ഒന്നാം തീയതി അവധി ആയതിനാൽ പുതുക്കിയ മദ്യവില നാളെ നിലവിൽ വരും. വിതരണക്കാർ ബെവ്‌കോയ്ക്ക് നൽകുന്ന മദ്യത്തിന്റെ അടിസ്ഥാന വിലയിൽ 7 ശതമാനം വർദ്ധനയാണ് അനുവദിച്ചത്. ആനുപാതികമായി നികുതിയും കൂടി. ഇതടക്കമുള്ള വിലയാണ് ബിവറേജസ് കോർപ്പറേഷൻ പ്രസിദ്ധകരിച്ചത്. ഏറ്റവും വില കുറഞ്ഞതും വൻ വിൽപ്പനയുമുള്ള ജവാൻ റമ്മിന് ഫുൾ ബോട്ടിലിന് 420 രൂപയുണ്ടായിരുന്നത് 450ആയി.
വി.എസ്.ഒ.പി ബ്രാൻഡി 900 രൂപയുണ്ടായിരുന്നത് 960 ആക്കി ഉയർത്തിയപ്പോൾ 950 രൂപയുടെ 1 ലിറ്റർ ബോട്ടിലിന് ഇനി 1020 രൂപ നൽകണം. ഒന്നര ലിറ്ററിന്റേയും രണ്ടേകാൽ ലിറ്ററിന്റേയും ബ്രാൻഡി ഉടൻ വിൽപ്പനക്കത്തും. ഒന്നര ലിറ്ററിന് 1270 രൂപയും രണ്ടേകാൽ ലിറ്ററിന് 2570 രൂപയുമാണ് വില. മദ്യത്തിന് 40 രൂപ വില കൂടുമ്പോൾ സർക്കാരിന് 35 രൂപയും ബെവ്‌കോയ്ക്ക് 1 രൂപയും കമ്പനിക്ക് 4 രൂപയുമാണ് കിട്ടുന്നത്. 2017 നവംബറിനുശേഷം ആദ്യമായാണ് വിലവർദ്ധനവുണ്ടാകുന്നത്. കൊവിഡ് സെസ് ഒഴിവാക്കാൻ തീരുമാനിച്ചിട്ടുണ്ട്.