തിരുവനന്തപുരം: നഗരത്തിലെ യാത്രകൾക്കായി സിറ്റി ബസുകളിൽ ട്രാവൽ കാർഡ് ഇറക്കാൻ കെ.എസ്.ആർ.ടി.സി. ദിവസം, ആഴ്ച, മാസം എന്നീ ക്രമത്തിലാകും കാർഡുകൾ പുറത്തിറക്കുക. കാർഡ് കൈയിലുള്ളവർക്ക് നിശ്ചിത റൂട്ടുകളിൽ പരിധിയില്ലാതെ യാത്ര ചെയ്യാം.
തലസ്ഥാന നഗരത്തിലെ എല്ലാ റോഡുകളിലും ബസുകളെത്തുന്ന പുതിയ ഹോപ്പ് ഓൺ, ഹോപ്പ് ഓഫ് എന്ന പേരിലുള്ള സർക്കുലർ സർവീസുകൾ ആരംഭിക്കുന്നതോടൊപ്പം കാർഡുകളും പുറത്തിറക്കും. പേരൂർക്കട, പാപ്പനംകോട്, വികാസ് ഭവൻ, തിരുവനന്തപുരം സെൻട്രൽ, ഈഞ്ചയ്ക്കൽ തുടങ്ങിയ ഡിപ്പോകൾ കേന്ദ്രീകരിച്ചാകും സർക്കുലർ സർവീസുകൾ. കാർഡ് നിരക്ക് ഇതുവരെ തീരുമാനിച്ചിട്ടില്ല. യാത്രക്കാർക്കിടയിൽ സർവേ നടത്തിയശേഷമാകും അന്തിമ തീരുമാനമെടുക്കുക. ചുവപ്പ്, ഓറഞ്ച്, പച്ച, നീല തുടങ്ങിയ പേരുകളിലായിരിക്കും പാതകൾ അറിയപ്പെടുക. ഒാരോ റൂട്ടിലും ബസുകൾക്ക് പ്രത്യേകം നിറങ്ങളുണ്ടാകും. അതിനാൽ യാത്രക്കാർക്ക് ബോർഡ് നോക്കാതെ ബസിൽ കയറാം. തിരക്കുള്ള സമയങ്ങളിൽ ബസുകളുടെ എണ്ണം വർദ്ധിപ്പിക്കുകയും അല്ലാത്തപ്പോൾ കുറയ്ക്കുകയും ചെയ്യുന്ന രീതിയിലാകും പദ്ധതി. രാജമാണിക്യം എം.ഡിയായിരുന്നപ്പോൾ കെ.എസ്.ആർ.ടിസി എല്ലാ റൂട്ടുകളിലേക്കും ട്രാവൽ കാർഡ് പദ്ധതി നടപ്പിലാക്കിയെങ്കിലും പിന്നീട് പിൻവലിച്ചിരുന്നു.
നീലപ്പാത: തമ്പാനൂർ, ഓവർബ്രിഡ്‌ജ്, ആയുർവേദ കോളേജ്, കിഴക്കേകോട്ട, പൊന്നറപാർക്ക്, വഞ്ചിയൂർ, പാറ്റൂർ,
കണ്ണമ്മൂല, മെഡിക്കൽ കോളേജ്, ഉള്ളൂർ, കേശവദാസപുരം, പട്ടം, കുറവൻകോണം, കവടിയാർ, വെള്ളയമ്പലം,
വഴുതക്കാട്, തൈക്കാട് ആശുപത്രി, തമ്പാനൂർ
ഓറഞ്ച് പാത: പേരൂർക്കട, ഊളമ്പാറ, ശാസ്‌തമംഗലം, ജഗതി, അനന്തപുരി ഓഡിറ്റോറിയം, കണ്ണേറ്റുമുക്ക്, ചെന്തിട്ട,
കിഴക്കേകോട്ട, എസ്.പി ഫോർട്ട് ആശുപത്രി, കൈതമുക്ക്, വഞ്ചിയൂർ, ജനറൽ ആശുപത്രി. പാറ്റൂർ, കണ്ണമ്മൂല,
കുന്നുംപുറം, കേശവദാസപുരം, മുട്ടട, അമ്പലമുക്ക്, പേരൂർക്കട
പച്ച പാത: വികാസ് ഭവൻ, എൽ.എം.എസ്, വെള്ളയമ്പലം, വഴുതക്കാട്, തൈക്കാട്, തമ്പാനൂർ,
കിഴക്കേകോട്ട, വഞ്ചിയൂർ, ജനറൽ ആശുപത്രി, വടയക്കാട്, ആനടിയിൽ ആശുപത്രി, പി.എം.ജി, വികാസ് ഭവൻ
ചുവപ്പ് പാത: തമ്പാനൂർ, കിഴക്കേകോട്ട, ആറ്റുകാൽ, മരുതൂർക്കടവ്,
കൈമനം, കരമന, ജഗതി, കൊച്ചാർറോഡ്, തമ്പാനൂർ