തിരുവനന്തപുരം : കൊവിഡ് സ്ഥിരീകരിക്കാൻ ഉപയോഗിക്കുന്ന ഒരു ലക്ഷത്തോളം ആന്റിജൻ പരിശോധനാ കിറ്റുകൾ തിരിച്ചയയ്ക്കുന്നു. തെറ്റായ ഫലം നൽകുന്നത് ബോധ്യമായതോടെയാണ് രണ്ടാഴ്ചയായി ഉപയോഗിക്കുന്ന കിറ്റുകളിൽ ശേഷിക്കുന്നവ മടക്കി നൽകുന്നത്.
കിറ്റൊന്നിന് 45 രൂപ നിരക്കിൽ ഒരുലക്ഷം കിറ്റുകളാണ് കേരള മെഡിക്കൽ സർവീസ് കോർപറേഷൻ (കെ.എം.എസ്.സി.എൽ) വാങ്ങിയത്. ഹരിയാനയിലെ ആൽപൈൻ ബയോമെഡിക്കൽസാണ് നിർമ്മാതാക്കൾ. കുറച്ചു കിറ്റുകൾ വിവിധ ജില്ലകളിലേക്ക് അയച്ചിരുന്നു. പരിശോധനയിൽ 30ശതമാനത്തിലേറെയും തെറ്റായ പോസിറ്റീവ് കേസുകളായിരുന്നു. പോസിറ്റീവായവരെ പി.സി.ആർ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ നെഗറ്റീവായിരുന്നു ഫലം. ഇക്കാര്യം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെ വിവിധ ജില്ലകളിൽ നിന്ന് പരാതികൾ ഉയർന്നതോടെയാണ് കിറ്ര് പിൻവലിക്കാൻ തീരുമാനിച്ചത്. ആദ്യഘട്ടത്തിൽ എസ്.ഡി ബയോസെൻസർ എന്ന കിറ്റാണ് ഉപയോഗിച്ചിരുന്നത്. ഈ കിറ്റിന് വില കൂടുതലായതിനാൽ അടുത്തിടെയാണ് ആൽപൈൻ, ഓസ്‌ക്കാർ തുടങ്ങിയ കിറ്റുകൾ ഉപയോഗിക്കാൻ തുടങ്ങിയത്. ഓസ്‌ക്കാർ കിറ്റിന്റെ ഫലത്തിനും കഴിഞ്ഞ ദിവസങ്ങളിൽ സംശയം ഉയർന്നിട്ടുണ്ട്.
പി.സി.ആറിന് മടിക്കരുത്
കൊവിഡ് റിപ്പോർട്ട് ചെയ്ത് ഒരുവർഷത്തോളമാകുന്ന സാഹചര്യത്തിൽ ഇനി കൂടുതലായി ആർ.ടി.പി.സി.ആർ ടെസ്റ്റിനെ ആശ്രയിക്കണമെന്ന് ആരോഗ്യവിദഗ്ധർ. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിദിന പരിശോധനകളിൽ 75 ശതമാനം ആർ.ടി.പി.സി.ആർ ആയിരിക്കണമെന്ന് നിർദേശം നൽകിയതായി മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഒന്നിലധികം സാമ്പിളുകൾ ചേർത്തുള്ള പൂൾഡ് പി.സി.ആർ പരിശോധന ആരംഭിക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. ഇതിനായി ലാബുകളുടെ പ്രവർത്തനം വിപുലമാക്കും. പൂൾഡ് പരിശോധനയിൽ നെഗറ്റീവായാൽ എല്ലാം നെഗറ്റീവായി കണക്കാക്കും. പോസിറ്റീവായാൽ സാമ്പിളുകൾ പ്രത്യേകം പരിശോധിച്ച് ഉറപ്പാക്കും.
'ആൽപൈൻ കിറ്റിന് തുക മുഴുവൻ നൽകിയിട്ടില്ല. കിറ്രുകൾ മടക്കി അയച്ചാൽ കൈപ്പറ്റിയ പണം തിരികെ നൽകണമെന്ന് ടെണ്ടറിൽ നിബന്ധനയുണ്ട്. അതിനാൽ സാമ്പത്തിക നഷ്ടമുണ്ടാകില്ല.'
- ഡോ. ദിലീപ് കുമാർ
ജനറൽ മാനേജർ,
കെ.എം.എസ്.സി.എൽ