തിരുവനന്തപുരം: പാലാരിവട്ടം പാലം തകർന്ന സംഭവത്തിൽ നിർമ്മാണ കമ്പനിയിൽ നിന്ന് 24.52 കോടി രൂപ നഷ്ട പരിഹാരം തേടി സർക്കാർ. പാലം പുതുക്കിപ്പണിതതിന്റെ ചെലവ് ആവശ്യപ്പെട്ടാണ് ആർ.ഡി.എസ് കമ്പനിക്ക് സർക്കാർ നോട്ടീസ് നൽകിയത്.കരാർ വ്യവസ്ഥ അനുസരിച്ച് നഷ്ടപരിഹാരം നൽകാൻ കമ്പനിക്ക് ബാദ്ധ്യതയുണ്ടെന്ന് നോട്ടീസിൽ പറയുന്നു.
പാലത്തിന്റെ പുനർനിർമാണം സർക്കാരിന് നഷ്ടമുണ്ടാക്കിയെന്നും ,പാലം കൃത്യമായി നിർമിക്കുന്നതിൽ കമ്പനിക്ക് വീഴ്ച പറ്റിയെന്നും സർക്കാർ ആരോപിച്ചു. 2016 ഒക്ടോബർ 12 നാണ് പാലാരിവട്ടം മേൽപ്പാലം യാത്രക്കാർക്കായി തുറന്ന് കൊടുത്തത്. യു ഡി എഫ് സർക്കാരിന്റെ കാലത്ത് നിർമാണം പൂർത്തിയാക്കിയ പാലത്തിന് ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വർഷത്തിനുള്ളിൽ കേടുപാടുകൾ സംഭവിച്ചു. കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ്സ് കോർപ്പറേഷന്റെ മേൽനോട്ടത്തിലായിരുന്നു പണികൾ നടന്നത്. 2020 സെ്പ്റ്റംബർ 28നാണ് തകരാറിലായ പഴയ പാലം പൊളിച്ച് പുതിയത് പണിത് തുടങ്ങിയത്.മെട്രോമാൻ ഇ ശ്രീധരന്റെ മേൽനോട്ടത്തിലാണ് പാലത്തിന്റെ പുനർനിർമ്മാണം. 750 മീറ്റർ പാലത്തിന്റെ 442 മീറ്ററിലാണ് പ്രശ്നങ്ങൾ. 19 സ്പാനുകളിൽ 17 എണ്ണവും പുനഃസ്ഥാപിക്കണം. 18 പിയർക്യാപുകളിൽ 16ലും 102 ആർ.സി.സി ഗർഡറുകളിൽ 97ലും വിള്ളലുകളുണ്ടായിരുന്നു.
പൊളിച്ചുപണി ചെലവ്
₹തൂണുകൾക്ക് -2 കോടി
₹തൂണും പിയർ
ക്യാപ്പും ജാക്കറ്റും- 1.71 കോടി
₹ 102 പി.എസ്.സി.
ഗർഡറുകൾ - 15 കോടി
ആകെ -18.71 കോടി
നഷ്ടപരിഹാരം ആവശ്യപ്പെട്ട നടപടി ചട്ടപ്രകാരമാണ്. ആർ.ഡി.എസ് കമ്പനി നിർമിച്ച മറ്റ് പാലങ്ങൾക്ക് പ്രശ്നങ്ങളില്ല. പാലാരിവട്ടം പാലത്തിന് പ്രശ്നമുണ്ടാകാൻ കാരണം ചില ദുഷ്ട ശക്തികളുടെ ഇടപെടലാണ്. എറണാകുളത്ത് ലോബി പ്രവർത്തിക്കുന്നുണ്ട് -മന്ത്രി ജി.സുധാകരൻ.