തിരുവനന്തപുരം:സംസ്ഥാന സർക്കാർ അഞ്ചു വർഷത്തിനിടെ കൈവരിച്ച നേട്ടങ്ങൾ അനാവരണംചെയ്ത് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന വികസന ഫോട്ടോ എക്സിബിഷൻ മൂന്നു മുതൽ അഞ്ചു വരെ വർക്കല മുനിസിപ്പൽ പാർക്കിൽ നടക്കും. ജില്ലയുടെ സാമൂഹിക വ്യാവസായിക സാമ്പത്തിക കാർഷിക മേഖലകളിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സർക്കാർ നടപ്പാക്കിയ വികസന പദ്ധതികളുടെ നേർചിത്രമാണ് ജില്ലാ ഇൻഫർമേഷൻ ഓഫീസ് ഒരുക്കുന്ന വികസന ഫോട്ടോ എക്സിബിഷൻ. 3ന് വൈകിട്ട് 4 ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. വി.ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. വർക്കല മുനിസിപ്പൽ ചെയർമാൻ കെ.എം.ലാജി,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സ്മിത സുന്ദരേശൻ എന്നിവർ പങ്കെടുക്കും. ഉദ്ഘാടന ദിവസവും തുടർന്നുള്ള രണ്ടു ദിവസങ്ങളിലും വൈകിട്ട് കലാസന്ധ്യയും സംഘടിപ്പിച്ചിട്ടുണ്ട്. നാടൻപാട്ട്, ഗാനമേള,കളരിപ്പയറ്റ്, മാജിക് ഷോ തുടങ്ങിയവയാണ് ഓരോ ദിവസവും കലാസന്ധ്യയിൽ ഒരുക്കിയിട്ടുള്ളത്. ദിവസവും രാവിലെ ഒമ്പതു മുതൽ രാത്രി എട്ടു വരെയാണ് എക്സിബിഷൻ.