പുൽപ്പള്ളി:പുൽപ്പള്ളി ടൗൺ പൂന്തോട്ട നഗരിയാവുകയാണ്. റോഡിനിരുവശവും പൂച്ചെടികളാൽ സമ്പന്നം. നവവത്സര ദിനത്തിലാണ് പുൽപ്പള്ളിക്ക് ഈ മാറ്റം.
നഗരശുചീകരണത്തോടൊപ്പം സൗന്ദര്യവത്കരണവും ലക്ഷ്യമാക്കി നമ്മുടെ പുൽപ്പള്ളി ഫേസ്ബുക്ക് കൂട്ടായ്മയാണ് ടൗണിനെ പൂച്ചെടികൾ കൊണ്ട് മനോഹരമാക്കിയത്. 13,000 അംഗങ്ങളുണ്ട് കൂട്ടായ്മയിൽ. ഇവരൊക്കെയും ടൗണിനെ പൂക്കൾ ചൂടിക്കാൻ മുന്നിട്ടിറങ്ങുന്നുണ്ട്. ഇതിന്റെ ഭാഗമായി പുൽപ്പള്ളി താഴെ അങ്ങാടി മുതൽ മേലെ അങ്ങാടി വരെ റോഡിനിരുവശവും ഫുട്പാത്തിന്റെ കൈവരികളിൽ വർണവൈവിദ്യമാർന്ന പൂച്ചെടികൾ പിടിപ്പിച്ചിരിക്കുകയാണ്. ആയിരത്തോളം ചെടിച്ചട്ടികൾ സ്ഥാപിച്ചിട്ടുണ്ട്. ഇവയിൽ 50 ഇനങ്ങളിലുള്ള ചെടികൾ. ഇവയുടെ പരിചരണം വ്യാപാരിൾ ഏറ്റെടുക്കും.
ടൗണിൽ ശുചീകരണം നടത്തിയ ഫേസ്ബുക്ക് കൂട്ടായ്മ പ്രവർത്തകർ ട്രാഫിക് ഐലൻഡും കൈവരികളും പെയിന്റടിച്ച് വൃത്തിയാക്കാനും മറന്നില്ല. ഏതാനും മാസങ്ങൾക്കു മുമ്പ് ഇവർ പുൽപ്പള്ളി താഴെ അങ്ങാടി മുതൽ കളനാടിക്കൊല്ലി വരെയും പുൽപ്പള്ളി മുതൽ മുള്ളൻകൊല്ലി വരെയും അരളിചെടികൾ നട്ടിരുന്നു.
പുതിയ യജ്ഞത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ്കുമാർ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ബിന്ദു പ്രകാശും കൂട്ടായ്മ ഭാരവാഹികളും സംസാരിച്ചു.