പുൽപ്പള്ളി: കന്നാരം പുഴയോരത്ത് ചെരിഞ്ഞ കാട്ടാനക്കുട്ടിയുടെ അരികിൽ നിന്ന് തള്ളയാന ഉൾപ്പടെയുള്ള കാട്ടാനക്കൂട്ടം മാറാതെ നിന്നത് നൊമ്പരക്കാഴ്ച ആയതോടൊപ്പം വനപാലകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കുറിച്യാട് റെയിഞ്ചിലെ കന്നാരം പുഴയോരത്താണ് രണ്ട് മാസം പ്രായമുള്ള കാട്ടാനക്കുട്ടിയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കുട്ടിയാന ചരിഞ്ഞതിനെ തുടർന്ന് കന്നാരം പുഴയോരത്ത് രാവിലെ 6 മുതൽ തന്നെ കാട്ടാനക്കൂട്ടവും തമ്പടിച്ചു. വനപാലകർ സ്ഥലത്തെത്തി കൂട്ടിയന ചെരിഞ്ഞ സ്ഥലത്ത് നിന്ന് മറ്റ് ആനകളെ മാറ്റാൻ ശ്രമിച്ചെങ്കിലും അവ മാറാൻ കൂട്ടാക്കിയില്ല. രാത്രി വൈകിയും കാട്ടാനക്കൂട്ടം സംഭവസ്ഥലത്ത് തുടരുകയാണ്. ആനക്കുട്ടിയുടെ ജഡം പോസ്റ്റുമോർട്ടം ചെയ്യാൻ വെറ്ററിനറി സർജനടക്കം എത്തിയെങ്കിലും ഇവിടേക്ക് അടുക്കാൻ സാധിച്ചില്ല. പലതവണ പടക്കം പൊട്ടിച്ചും മറ്റും ആനകളെ തുരത്താൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. വലിയ സ്ഫോടന ശബ്ദം കേട്ടാൽ കാട്ടാനകൾ ഓടാറാണ് പതിവ് എന്നാൽ ഇവിടെ കുട്ടിയാനയുടെ അടുത്തേക്ക് വനപാലകർ എത്തുമ്പോൾ വലിയ ആനകൾ ഇവരുടെ നേർക്ക് കുതിക്കുകയാണ്. നാല് ആനകളായിരുന്നു ഞായറാഴ്ച രാവിലെ മുതൽ ഇവിടെ ഉണ്ടായിരുന്നത്. തള്ളയാന ഇവിടെനിന്നും മാറിയിട്ടില്ല. ആനക്കുട്ടി ചെരിഞ്ഞതിനുകാരണം പോസ്റ്റുമോർട്ടത്തിനുശേഷമേ വ്യക്തമാവൂ. കുറിച്യാട്, ചെതലയം റെയ്ഞ്ചിലെ വനപാലകർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഒരു ദിവസം കഴിഞ്ഞാൽ ആനക്കുട്ടിയുടെ ജഡത്തിൽ നിന്ന് ദുർഗന്ധം വമിക്കാൻ തുടങ്ങും. ഇതോടെ ആനക്കൂട്ടം ഇവിടെനിന്ന് പിൻമാറുമെന്നാണ് വനപാലകർ പറയുന്നത്. നിലമ്പൂരിലെ കൃഷിസ്ഥലത്ത് ഒരു കാട്ടാനയും കോഴിക്കോട് കിണറ്റിൽ നിന്ന് രക്ഷപ്പെടുത്തിയ കാട്ടാനയും ഇന്നലെ ചെരിഞ്ഞു.
കൃഷിയിടത്തിൽ കാട്ടാന
ചെരിഞ്ഞ നിലയിൽ
നിലമ്പൂർ: കരുളായി മൈലമ്പാറ പനിച്ചോലയിൽ വനമേഖലയോട് ചേർന്ന സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ 23 വയസോളം പ്രായമുള്ള കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. ഷോക്കേറ്റ് ചെരിഞ്ഞതാകാമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാവിലെ എട്ടോടെ നാട്ടുകാരാണ് മോഴയാനയുടെ ജഡം കണ്ടത്. നിലമ്പൂർ സൗത്ത് ഡി.എഫ്.ഒ സജികുമാറിന്റെ നേതൃത്വത്തിൽ തുടർനടപടികൾ സ്വീകരിച്ചു. തൃശൂർ വെറ്ററിനറി ഓഫീസർ ഡേവിഡ് എബ്രഹാമിന്റെയും പട്ടിക്കാട് വെറ്ററിനറി സെന്റർ സർജൻ ഡോ. നൗഷാദിന്റെയും നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി. തുടർന്ന് സ്വകാര്യ വ്യക്തിയുടെ അനുമതിയോടെ സംഭവസ്ഥലത്ത് തന്നെ ആനയെ സംസ്കരിച്ചു. മേഖലയിൽ കാട്ടാനശല്യവും കൃഷിനാശവും വ്യാപകമാണ്. കഴിഞ്ഞ ദിവസം കരുളായി വനത്തോട് ചേർന്ന് പുഴയോരത്ത് യുവാവ് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചിരുന്നു.
പ്രയത്നം വിഫലമായി; കിണറ്റിൽ നിന്ന്
രക്ഷിച്ച കാട്ടാന ചരിഞ്ഞു
കോഴിക്കോട്: ആനക്കാംപൊയിൽ മുത്തപ്പൻ പുഴയ്ക്കടുത്ത് കിണറ്റിൽ നിന്ന് രക്ഷപ്പെടുത്തിയ കാട്ടാന ചരിഞ്ഞു. 14 മണിക്കൂറോളം നീണ്ട കഠിന പ്രയത്നത്തിനൊടുവിൽ വെള്ളിയാഴ്ച രാത്രി പുറത്തെത്തിച്ച കാട്ടാനയെ കാട്ടിലേക്ക് വിട്ടിരുന്നെങ്കിലും വനാതിർത്തിയോട് ചേർന്ന പ്രദേശത്ത് വീഴുകയായിരുന്നു. വനംവകുപ്പിന്റെ നേതൃത്വത്തിൽ പരിശോധിച്ച് ചികിത്സ നൽകിയിരുന്നെങ്കിലും ഇന്നലെ രാവിലെ എട്ട് മണിയോടെ ആന ചരിഞ്ഞു. ആഴമേറിയ കിണറിൽ വീണപ്പോഴുണ്ടായ ഗുരുതര പരിക്കാണ് മരണകാരണമെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. കിണറ്റിൽ വീണ കാട്ടാനയെ മൂന്ന് ദിവസത്തിന് ശേഷമാണ് കണ്ടെത്തിയതും രക്ഷിച്ചതും. വയനാട് വന്യജീവി സങ്കേതത്തിലെ ചീഫ് വെറ്ററിനറി ഓഫീസർ അരുൺ സഖറിയയുടെ നേതൃത്വത്തിൽ മരുന്നും ഭക്ഷണവും നൽകിയെങ്കിലും ആന അവശനിലയിലായിരുന്നു. ഇന്നലെ രാവിലെ പരിശോധനയ്ക്കെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ആനയെ ചെരിഞ്ഞനിലയിൽ കണ്ടത്.