തിരുനെല്ലി: ഗോത്ര വിഭാഗങ്ങളുടെ ഭാഷ മുഖ്യധാരയിലേക്ക് എത്തിക്കാൻ കുടുംബശ്രീ മിഷൻ തിരുനെല്ലി പഞ്ചായത്തിൽ സ്ഥാപിച്ച് കൊണ്ടിരിക്കുന്ന റാവുളേ പീഡികേയും ചിന്നു പീഡികേയും ശ്രദ്ധേയമാകുന്നു. ജില്ലാ കുടുംബശ്രീ മിഷൻ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി കാട്ടുനായ്ക്ക, പണിയ, അടിയ വിഭാഗങ്ങളിലുള്ളവർക്ക് എസ്.ടി വനിത കുടുംബശ്രീ മുഖേന സ്വയം തൊഴിൽ കണ്ടെത്താനായി ഗുമ്മട്ടികൾ തുടങ്ങാനായി 30000 രൂപയാണ് വായ്പ അനുവദിക്കുന്നത്. ഇത്തരത്തിൽ പഞ്ചായത്തിൽ സ്ഥാപിച്ച് കൊണ്ടിരിക്കുന്ന ഗുമ്മട്ടികൾക്കാണ് ആദിവാസി വിഭാഗങ്ങളുടെ തനത് ഭാഷയിൽ പേരുകളും നൽകിയിരിക്കുന്നത്. എല്ലാ കടകളുടെയും ബോർഡുകളിൽ ഞങ്ങളുടെ ടൗൺ എന്നർത്ഥം വരുന്ന 'നങ്ക അങ്ങാടി' എന്നും എഴുതിയിട്ടുണ്ട്. ചിന്തു പീഡികേ., റാവുളെ പീഡികേ, മണിയൻ പീഡികേ എന്നിങ്ങനെ രസകരമായ പേരുകളാണ് ഓരോ സ്ഥലത്തെയും ബോർഡുകളിലുള്ളത്. പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ആട്ടിൻ കൂട്ടിന് എങ്കള പണി എന്നാണ് പേരിട്ടിരിക്കുന്നത്. പുതു തലമുറ മറന്ന് കൊണ്ടിരിക്കുന്ന ഗോത്രഭാഷ മുഖ്യധാരയിലേക്ക് എത്തിക്കുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മുൻ ഗ്രാമപഞ്ചായത്തംഗം ശ്രീജ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി 50 ഗുമ്മട്ടികളാണ് പഞ്ചായത്തിൽ സ്ഥാപിക്കുന്നത് . ഇതിൽ 7പീഡുകേയുടെ പ്രവൃത്തികൾ പൂർത്തീകരിച്ച് കഴിഞ്ഞു.