കല്ലോടി: കാവേരി നദീജല ട്രൈബ്യൂണലിന്റെ വിധിയുടെ അടിസ്ഥാനത്തിൽ തൊണ്ടാർ പദ്ധതി എത്രയും പെട്ടെന്ന് പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തൊണ്ടാർ കർമ്മസമിതി മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

നിർദ്ദിഷ്ട പദ്ധതി കാർഷിക മേഖലയുടെ പുരോഗതിക്കും കുടിവെള്ള ക്ഷാമ പരിഹാരത്തിനും ഭൂഗർഭജല സംഭരണത്തിനും ടൂറിസം വികസനത്തിനും ഏറെ ഉപകാരപ്പെടും. ഇവിടെ ലഭിക്കുന്ന വെള്ളത്തിന്റെ ഏറിയപങ്കും നമുക്ക് ഉപയോഗിക്കാൻ കഴിയാതെ കർണാടകയിലേക്ക് ഒഴുകി പോവുകയാണ്. തൊണ്ടാർ പദ്ധതിയുടെ പൂർത്തീകരണത്തോടെ വലിയൊരളവ് വെള്ളം നമുക്ക് സംഭരിക്കാനും ഭാവിയിലേക്ക് രൂക്ഷമാകാൻ സാധ്യതയുള്ള കുടിവെള്ളക്ഷാമത്തിന് ഒരു കരുതൽ ആവുകയും ചെയ്യും.

ഭൂമിയും വീടും നഷ്ടപ്പെടുന്നവർക്ക് പ്രത്യേക പാക്കേജ് തയ്യാറാക്കണമെന്നും കൊവിഡ് മൂലം നിർത്തിവെച്ച സർവ്വേ എത്രയും പെട്ടെന്ന് പൂർത്തീകരിക്കണമെന്നും കർമ്മ സമിതി ആവശ്യപ്പെട്ടു.

യോഗത്തിൽ ചെയർമാൻ എം.വി.പൗലോസ് അദ്ധ്യക്ഷത വഹിച്ചു. കൺവീനർ വി.ഐ.ജോസ്, ജയ്‌മോൻ പുത്തൻപുര, എടക്കാടൻ അബ്ദുള്ള, കെ.എം.രാജൻ, ഇ.കെ.ബാബു, എം.ആർ ബാലൻ, എം.കെ.കുമാരൻ, വിൽസൺ, ബൈജു, കെ.ടി.ജോസ് എന്നിവർ സംസാരിച്ചു.