കല്പറ്റ:മുതിർന്ന കോൺഗ്രസ് നേതാവ് കെ.കെ. രാമചന്ദ്രൻ മാസ്റ്റർ കോൺഗ്രസ് രാഷ്ട്രീയത്തിലെ ചാണക്യനായിരുന്നു. ലീഡർ കെ. കരുണാകരനിൽ നിന്ന് രാഷ്ട്രീയത്തിലെ അടവും തന്ത്രവും പഠിച്ച രാമചന്ദ്രൻ മാസ്റ്റർ ഒരു കാലത്ത് കേരള രാഷ്ട്രീയത്തിലെ ശ്രദ്ധേയനായിരുന്നു. ലീഡറുടെ എല്ലാ തന്ത്രങ്ങളും പയറ്റിയത് കൊണ്ട് തന്നെ മലബാർ രാഷ്ട്രീയത്തിൽ താരമായി മാറി. അടിവച്ചുളള ഉയർച്ചയായിരുന്നു മാസ്റ്റർക്ക്. 1954ൽ കണ്ണൂർ ജില്ലയിൽ യൂത്ത് കോൺഗ്രസ് നിടുമ്പ്രം വില്ലേജ് കമ്മറ്റി സെക്രട്ടറിയായി രാഷ്ട്രീയത്തിലേക്ക് വന്ന രാമചന്ദ്രൻ മാസ്റ്റർ ഐ. ഐ.സി.സി. അംഗംവരെയായി.എ.കെ. ആന്റണി മന്ത്രിസഭയിലും ഉമ്മൻചാണ്ടി മന്ത്രിസഭയിലുമായി രണ്ട് തവണ മന്ത്രിയായി.കെ.പി.സി.സി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു.
1980 മുതൽ കാൽനൂറ്റാണ്ടോളം തുടർച്ചയായി നിയമസഭാ അംഗമായി പ്രവർത്തിച്ചു. സുൽത്താൻ ബത്തേരി, കല്പറ്റ നിയമസഭാ മണ്ഡലങ്ങളിൽ നിന്നാണ് അദ്ദേഹം നിയമസഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്.
കണ്ണൂർ സ്വദേശിയായ അദ്ദേഹം 1962ലാണ് വയനാട്ടിലേക്ക് വരുന്നത്. ചൊക്ളി വി.പി. ഒാറിയന്റൽ ഹൈസ്കൂൾ, വയനാട്ടിലെ അരിമുള എൽ.പി സ്കൂൾ എന്നിവിടങ്ങളിൽ അദ്ധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. വയനാട്ടിൽ പൂതാടി കോൺഗ്രസ് മണ്ഡലം സെക്രട്ടറി, കോൺഗ്രസ് ബത്തേരി ബ്ളോക്ക് കമ്മറ്റി സെക്രട്ടറി, കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ്, കെ.പി.സി.സി. ജനറൽ സെക്രട്ടറി, കോൺഗ്രസ് നിയമസഭാ കക്ഷി സെക്രട്ടറി, ഐ. എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 1977ൽകോഫി ബോർഡ് അംഗമായിരുന്നു.
പതിനാറ് വർഷം കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായിട്ടുണ്ട്. തോട്ടം മേഖലയിൽ പ്ളാന്റേഷൻ ലേബർ കോൺഗ്രസ് രൂപീകരിച്ച് കൊണ്ടുള പ്രവർത്തനം രാമചന്ദ്രൻ മാസ്റ്ററെ സംസ്ഥാന രാഷ്ടീയത്തിലെ അറിയപ്പെടുന്ന നേതാവാക്കി മാറ്റി. 1995-96ലാണ് എ.കെ. ആന്റണി മന്ത്രിസഭയിൽ സിവിൽസപ്ളൈസ് വകുപ്പ് മന്ത്രിയായത്. ഇൗ കാലത്ത് മീനങ്ങാടിയിൽ എഫ്.സി.ഐ ഗോഡൗൺ തുടങ്ങാൻ അദ്ദേഹത്തിന് കഴിഞ്ഞു.2006 ജനുവരി 14 ന് രാജിവെച്ചു.തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ച് പ്ളാന്റേഷൻ ലേബർ കോൺഗ്രസ് എന്ന സംഘടന ഉണ്ടാക്കി ശക്തമായ പോരാട്ടം നടത്തി.
മാസ്റ്റർക്ക് നേരെ തോട്ടം ഉടമ വെടിയുതിർത്തു,
ലക്ഷ്യം തെറ്റി തൊഴിലാളിയുടെ ജീവനെടുത്തു
വയനാട്ടിലെ മേപ്പാടിക്കടുത്ത എളമ്പിലേരി എസ്റ്റേറ്റിൽ തൊഴിലാളികളും മാനേജ്മെന്റും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ അന്ന് മാസ്റ്റർക്കെതിരെ തോട്ടം ഉടമ ഉതിർത്ത വെടി ഉണ്ട ലക്ഷ്യം തെറ്റി മാണിക്യം എന്ന തൊഴിലാളിയുടെ ജീവൻ അപഹരിച്ചത് സംസ്ഥാന സർക്കാരിനെപ്പോലും ഉലച്ചു.ഇതിന് തൊട്ട് മുമ്പ് രാമചന്ദ്രൻ മാസ്റ്ററുടെ നേതൃത്വത്തിൽ പച്ചിലക്കാട് എസ്റ്റേറ്റിൽ നടത്തിയ സമരം വയനാടിന്റെ ചരിത്രത്തിലൊന്നായി.ഇതിന്റെ പേരിൽ ജയിൽ വാസം അനുഭവിക്കേണ്ടി വന്നു.പൂക്കോട് ആസ്ഥാനമായി വെറ്ററിനറി കോളേജ് ആരംഭിക്കുന്നത് രാമചന്ദ്രൻ മാസ്റ്ററുടെ ശ്രമഫലമായാണ്..തമിഴ് തൊഴിലാളികൾക്ക് കേരള സംസ്ഥാനത്ത് തൊഴിൽ അവകാശം നേടിയെടുക്കുവാനായി പട നയിച്ചു.
2006ൽ കല്പറ്റ നിയമസഭാ മണ്ഡലത്തിൽ എം.വി.ശ്രേയാംസ് കുമാറിനോട് പരാജയപ്പെട്ടതോടെയാണ് രാഷ്ട്രീയ ജീവിതത്തിൽ കാലക്രമേണ തകർച്ച അനുഭവിക്കേണ്ടി വന്നത്. നേതൃത്വത്തിനെതിരെ ഫെയ്സ് ബുക്കിലൂടെയും പ്രസ്താവനകളിലൂടെയും ആക്രമിക്കാൻ മാസ്റ്റർ നിരന്തരമായും ശ്രമിക്കുകയും ചെയ്തു.ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും പ്രീതി പിടിച്ച് പറ്റാൻ രാമചന്ദ്രൻ മാസ്റ്റർക്ക് ആയിട്ടുണ്ട്.ഭാര്യ: കെ.പത്മിനി.മൂന്ന് മക്കളുണ്ട്.