jana
എന്നും ജനങ്ങൾക്കൊപ്പം

കൽപ്പറ്റ: ജന്മം കൊണ്ടു കണ്ണൂരുകാരനെങ്കിലും കോൺഗ്രസിന്റെ മുഴുവൻസമയ പ്രവർത്തകനായതോടെ കെ.കെ.രാമചന്ദ്രൻ തീർത്തും വയനാട്ടുകാരനായി മാറുകയായിരുന്നു. 1980 മുതൽ തുടർച്ചയായി ആറു തവണയാണ് ഇദ്ദേഹം ഇവിടെ നിന്നു നിയമസഭാംഗമായത് ; കൽപ്പറ്റ, സുൽത്താൻ ബത്തേരി മണ്ഡലത്തിൽ നിന്ന് മൂന്ന് തവണ വീതം. രണ്ട് തവണ മന്ത്രിയായപ്പോഴും വയനാടിന്റെ വികസനത്തിനായി ഏറെ ശ്രദ്ധ ചെലുത്തിയിരുന്നു.

ചൊക്ളി ഒാറിയന്റൽ സ്കൂൾ വിട്ട് 1962ലാണ് രാമചന്ദ്രൻ വയനാട്ടിൽ അദ്ധ്യാപകനായി എത്തുന്നത്. കോൺഗ്രസ് രാഷ്‌ട്രീയത്തിൽ സജീവമാകാൻ പിന്നീട് ജോലി ഉപേക്ഷിച്ചു. പൂതാടി മണ്ഡലം സെക്രട്ടറി, ബത്തേരി ബ്ളോക്ക് കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിലായിരുന്നു തുടക്കം. തോട്ടം മേഖലയിൽ പ്ളാന്റേഷൻ ലേബർ കോൺഗ്രസ് രൂപീകരിച്ചുളള പ്രവർത്തനമാണ് രാമചന്ദ്രനെ സംസ്ഥാന രാഷ്ടീയത്തിലെ അറിയപ്പെടുന്ന നേതാവാക്കി മാറ്റിയത്.

അതിനിടയ്ക്ക്, കോഴിക്കോ‌ട് ഡി.സി.സി അദ്ധ്യക്ഷനായി. പിന്നീട് കെ.പി.സി.സി ജനറൽ സെക്രട്ടറി, കോൺഗ്രസ് നിയമസഭാ കക്ഷി സെക്രട്ടറി, ഐ. എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. 1977-ൽ കോഫി ബോർഡ് അംഗമായി. 16 വർഷം കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായിരുന്നു.

1995 - 96ൽ എ.കെ. ആന്റണി മന്ത്രിസഭയിൽ സിവിൽ സപ്ളൈസ് വകുപ്പ് മന്ത്രിയായിരിക്കെ മീനങ്ങാടിയിൽ എഫ്.സി.ഐ ഗോഡൗൺ തുടങ്ങാൻ അദ്ദേഹത്തിന് കഴിഞ്ഞു. പൂക്കോട് ആസ്ഥാനമായി വെറ്ററിനറി കോളേജ് ആരംഭിക്കുന്നതും രാമചന്ദ്രന്റെ ശ്രമഫലമായാണ്.

തോട്ടം തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങളുന്നയിച്ച് സന്ധിയില്ലാ സമരങ്ങൾക്ക് നേതൃത്വം വഹിച്ചിട്ടുണ്ട് അദ്ദേഹം. മേപ്പാടിയ്ക്കടുത്ത് തോട്ടം ഉടമ രാമചന്ദ്രനു നേരെ വെടിയുതിർത്തത് ലക്ഷ്യം തെറ്റി തൊഴിലാളിയായ മാണിക്യത്തിന്റെ ജീവൻ അപഹരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പച്ചിലക്കാട് എസ്റ്റേറ്റിൽ നടത്തിയ സമരത്തെ തുടർന്ന് ജയിൽവാസം അനുഭവിക്കേണ്ടി വന്നു. തമിഴ്നാട്ടുകാരായ തൊഴിലാളികൾക്ക് കേരളത്തിൽ തൊഴിലവകാശം നേടിയെടുക്കാനും അദ്ദേഹം പട നയിച്ചു.

2006-ൽ കല്പറ്റ നിയമസഭാ മണ്ഡലത്തിൽ എം.വി.ശ്രേയാംസ് കുമാറിനോട് പരാജയപ്പെട്ടതിന് പിറകെ ക്രമേണ രാഷ്ട്രീയ ജീവിതത്തിൽ നിന്ന് പിന്മാറുകയായിരുന്നു.


.