മാനന്തവാടി: കുറുക്കന്മാരുടെ സർവെ നടത്തുന്നു. എറണാകുളം ആസ്ഥാനമായി അഖിലേന്ത്യാതലത്തിൽ പ്രവർത്തിക്കുന്ന ആരണ്യകം നേച്ചർ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് പൊതുജന പങ്കാളിത്തത്തോടെ കുറുക്കൻമാരുടെ സർവ്വേ ആരംഭിച്ചത്.
ആരണ്യകം ഫൗണ്ടേഷൻ പുതിയതായി മുന്നോട്ട് വെക്കുന്ന പഠനപ്രവർത്തനമാണ് കേരളത്തിലെ കുറുക്കൻ/കുറുനരി/ഊളൻ സർവ്വേ. മുമ്പ് കേരളത്തിൽ ധാരാളമായി കണ്ടുവന്നിരുന്നതും, ഗ്രാമീണ മേഖലയിൽ പലപ്പോഴും സാമൂഹികപ്രശ്‌നങ്ങൾ സൃഷിടിച്ചിരുന്നതുമായ നായയുടെ വർഗ്ഗത്തിൽ അഥവാ കാനസ് ജനുസ്സിൽ പെടുന്ന മൃഗമാണ് കുറുക്കൻ. എന്നാൽ ഇന്ന് ഇവയുടെ എണ്ണവും സാന്നിദ്ധ്യവും വളരെയധികം കുറഞ്ഞു.
കുറുക്കന്റെ സ്വാഭാവികമായ ആവാസവ്യവസ്ഥയിൽ വന്നിട്ടുള്ള വ്യതിയാനങ്ങൾ ആയിരിക്കാം ഇവയുടെ അസാന്നിദ്ധ്യത്തിന് കാരണമായത് എന്നാണ് കരുതുന്നത്. ഇക്കാര്യം പഠനവിധേയമാക്കുന്നതിനാണ് കേരളത്തിലുടനീളം പൊതുജനങ്ങളിൽനിന്നു ലഭിക്കുന്ന വിവരങ്ങൾ അവലംബിച്ചുകൊണ്ട് അവരവരുടെ പ്രദേശത്തെ കുറുക്കന്മാരുമായി ബന്ധപ്പെട്ട വിവരങ്ങളുടെ ക്രോഡീകരണം നടത്തുന്നതെന്ന് ഫൗണ്ടേഷൻ ചെയർമാൻ ഡോ: പി.എസ്.ഈസ പറഞ്ഞു.
വെബ്സൈറ്റിലൂടെയും സോഷ്യൽ മീഡിയകളിലൂടെയും നൽകിയിട്ടുള്ള ലിങ്കുകളിലൂടെ നിരവധി പേർ ദിവസങ്ങൾക്കുള്ളിൽ വിവരശേഖരത്തിൽ പങ്കാളികളായി. അഖിലേന്ത്യ തലത്തിൽ വന്യജീവീ ഫോട്ടോഗ്രാഫി മത്സരങ്ങൾ, നേച്ചർ ക്യാമ്പുകൾ, പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ വെബ് നാറുകൾ എന്നിവ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടത്തിവരുന്നുണ്ട്.