കൽപ്പറ്റ: നേരം തെറ്റി കലിതുള്ളിയ മഴ നനവ് പടർത്തിയത് വയനാട്ടെ കർഷകന്റെ കണക്ക് പുസ്തകത്തിൽ. ദിവസമൊഴിയാതെ പെയ്യുന്ന മഴയിൽ വിളകളെല്ലാം നനഞ്ഞും വെള്ളം കയറിയും നശിക്കുകയാണ്. വിലയും വിളയുമില്ലാതെ വിപണിയിൽ വിലപേശി തളരുന്ന കർഷകന്റെ ജീവിതത്തിന് മുകളിലാണ് മഴ മേഘങ്ങൾ ഉരുണ്ടുകൂടിയിരിക്കുന്നത്. വയനാട്ടിൽ ഇപ്പോൾ കാപ്പി വിളവെടുപ്പിന്റെ സീസണാണ്. എവിടെ നോക്കിയാലും കാപ്പി പഴുത്ത് നിൽക്കുന്നത് കാണാം. പെട്ടെന്ന് പറിച്ചില്ലെങ്കിൽ നഷ്ടം ഇരട്ടിയാകും. പൊതുവെ കാപ്പി ഇൗ വർഷം കുറവാണ്. നേരത്തെ അയൽ സംസ്ഥാനങ്ങളിൽ നിന്ന് തൊഴിലാളികളെ കൊണ്ടുവന്നായിരുന്നു വൻകിട തോട്ടം ഉടമകൾ പോലും കാപ്പി പറിച്ചെടുത്തിരുന്നത്. എന്നാൽ കാപ്പിക്ക് വില കുറഞ്ഞതോടെ തൊഴിലാളികളെയാക്കി കാപ്പി പറിക്കൽ നഷ്ടക്കച്ചവടമാണ്. കഴിഞ്ഞദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ പറിച്ചെടുത്ത കാപ്പിയെല്ലാം നശിച്ചു. വീടിന്റെ ടെറസുകളിലും കളങ്ങളിലും ഉണക്കാനിട്ട കാപ്പി പലയിടത്തും ഒലിച്ച് പോയി. കാപ്പി ഉണങ്ങിയില്ലെങ്കിൽ പൂപ്പൽ പിടിച്ച് നശിക്കും.ഒരാഴ്ചയെങ്കിലും ചുരുങ്ങിയത് ഉണങ്ങണം. എന്നാൽ തുടർച്ചയായ മഴ ഇതിന് തടസമാവുകയാണ്. ചാക്കിൽ കെട്ടി സൂക്ഷിച്ച കാപ്പിക്കുരുവും പലയിടത്തും വ്യാപകമായി നശിച്ചിട്ടുണ്ട്. കാപ്പി ഉണങ്ങാതെ ചാക്കിൽ കെട്ടി വച്ചാൽ തൂക്കം കുറയുകയുമെന്നതും കർഷകന്റെ നെഞ്ചിടിപ്പ് കൂട്ടുന്നു. കൊവിഡ് കാലത്ത് ഏറെ ത്യാഗം സഹിച്ചാണ് കർഷകർ കൃഷിയിറക്കിയത്. അതാണ് കാലം തെറ്റിയ മഴയിൽ നനഞ്ഞ് പോയത്. പൊതു വിപണിയിൽ ഉണ്ടക്കാപ്പിക്ക് കിലോക്ക് 63 രൂപയാണ് വില. ഉൽപ്പാദന ചെലവ് പോലും ഇതുകൊണ്ട് തികയില്ലെന്ന് കർഷകർ പറയുന്നു. വയനാട്ടിൽ വില ഉണ്ടാകുമെന്ന് കരുതി കൊവിഡ് കാലത്ത് കാപ്പി കൃഷിയിൽ ശ്രദ്ധവെച്ചവരെല്ലാം ഇപ്പോൾ നിരാശയിലാണ്.
നെൽകർഷകർക്കും വലിയ നഷ്ടമാണ്. നഞ്ച കൃഷി ചെയ്ത കർഷകർക്കാണ് നഷ്ടം ഏറെയുണ്ടായത്. കൊയ്തിട്ട കറ്റകൾ മെതിക്കാൻ കഴിയുന്നില്ല. വയലിൽ കിടന്ന് ഇനി മുളക്കും. മഴ മാറിയാലും നെല്ല് കൊയ്യാൻ പറ്റാത്ത സ്ഥിതിയിലായ പാടങ്ങൾ ഏറെയുണ്ട്. ഉണക്കാനിട്ട വൈക്കോലുകളും പലയിടത്തും നശിച്ചു. നനഞ്ഞ വൈക്കോലുകൾ വിലക്ക് വാങ്ങാൻ ആരും തയ്യാറാകില്ല. മാത്രമല്ല വിലയും നന്നെ കുറയും. ഇഞ്ചി, അടക്ക, വാഴ കർഷകരുടെ ഗതിയും ഇതു തന്നെ. കഴിഞ്ഞ രണ്ട് പ്രളയവും കൊവിഡും കർഷകർക്ക് സമ്മാനിച്ചത് കണ്ണീർ അനുഭവം മാത്രം.