പുൽപ്പള്ളി: പുൽപ്പള്ളി കൊളവള്ളിയിലെ ജനവാസ കേന്ദ്രത്തിൽ നാലു ദിവസമായി ഭീതിപരത്തുന്ന കടുവയെ കൂടു വെച്ച് പിടികൂടാൻ നടപടിയായി. ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ നടത്തിയ ചർച്ചയെ തുടർന്നാണ് കൂട് സ്ഥാപിക്കാൻ നടപടിയായത്. ഇന്നലെ വൈകിട്ടോടെ രണ്ട് കൂടുകൾ സ്ഥാപിക്കാനും കടുവ കൂട്ടിൽ കുടുങ്ങിയില്ലെങ്കി മയക്കുവെടിവെച്ച് പിടികൂടാനുള്ള നടപടികൾ സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി. കൂട് സ്ഥാപിക്കാനുള്ള അനുമതി ലഭിച്ചാലുടൻ കൂട് സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് വനംവകുപ്പ് അധികൃതർ. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ കൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.വിജയൻ, വൈസ് പ്രസിഡന്റ് ലില്ലി തങ്കച്ചൻ ,ഗ്രാമ പഞ്ചായത്ത് അംഗം ഷിനു കച്ചിറയിൽ, ചെതലയം റെയ്ഞ്ചർ പി.ശശികുമാർ ,ഫോറസ്റ്റർ മണികണ്ഠൻ, എൻ.യു. ഉലഹന്നാൻ, വർഗ്ഗീസ് മുരിയംകാവിൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.