നാളെ മുതൽ നാട്ടുകാർ സമരത്തിലേക്ക്
മാനന്തവാടി: കൊയിലേരി കൈതക്കൽ റോഡ് പണി ഇഴയുന്നതിനാൽ നാട്ടുകാർ ദുരിതത്തിലായി. കരാറുകാരും ഉദ്യോഗസ്ഥൻമാരുമാണ് ഇതിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. കഴിഞ്ഞ തിങ്കളാഴ്ച മുതൽ ആവശ്യമായ മുഴുവൻ തൊഴിലാളികളുടെയും അനുബന്ധ യന്ത്രങ്ങളുടെയും സഹായത്തോടെ നിർമ്മാണപ്രവർത്തികൾ നടക്കുമെന്നാണ് കരാറുകാരും ഉദ്യോഗസ്ഥരും ആക്‌ഷൻ കമ്മിറ്റിയോട് പറഞ്ഞിരുന്നത്. എന്നാൽ 6 ദിവസം പിന്നിട്ടിട്ടും നിലവിലെ അവസ്ഥയിൽ ഒരു മാറ്റവും വന്നിട്ടില്ല. മഴപെയ്തതുമൂലം നിരവധി ഇരുചക്ര വാഹനങ്ങളാണ് ഇവിടെ അപകടത്തിൽപ്പെട്ടത്. ഈ റോഡിനെ ആശ്രയിക്കുന്ന ഓട്ടോ, ടാക്‌സി ഡ്രൈവർമാരും ദുരിതത്തിലായി.
ജനങ്ങളെ വിഢികളാക്കുന്ന സമീപനമാണ് കരാർ കമ്പനിയും ഉദ്യോഗസ്ഥരും ചെയ്യുന്നതെന്നാണ് നാട്ടുകാരുടെ പരാതി. ബന്ധപ്പെട്ട ഓഫീസുകൾ ഉപരോധിക്കുന്നതടക്കമുളള പ്രതിഷേധ പരിപാടികൾ ആക്‌ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച മുതൽ നടക്കും.