സുൽത്താൻബത്തേരി : കാലം തെറ്റി കർക്കടകത്തിലെന്ന പോലെ കനത്ത മഴ തുടരവെ പഴവർഗ വിപണിയും 'വെള്ള"ത്തിലായി.
കഴിഞ്ഞ അഞ്ച് ദിവസമായി അടുപ്പിച്ച് പെയ്യുന്ന മഴയിൽ പഴവർഗ ഉത്പാദകർക്കും കച്ചവടക്കാർക്കും ഇതിനിടയ്ക്ക് നേരിട്ട നഷ്ടം തന്നെ കുറച്ചൊന്നുമല്ല. കനത്ത നഷ്ടമാണ് വരുത്തിവെച്ചത്. പൊതുവെ ചൂടു കൂടിയ സമയത്ത് പഴവർഗങ്ങൾ വിറ്റുപോയിരുന്നതാണ്. എന്നാൽ രാവിലെ മുതൽ മൂടികെട്ടിയ അന്തരീക്ഷവും ഉച്ച കഴിഞ്ഞ് കനത്ത മഴയും പതിവായതോടെ പഴങ്ങൾക്കൊക്കെയും ഡിമാൻഡ് വല്ലാതെ കുറഞ്ഞിട്ടുണ്ട്. മിക്കയിടത്തും ഈ വിപണിയിൽ പൊതുവെ ഒരു മരവിപ്പാണിപ്പോൾ.
ഭേദപ്പെട്ട കച്ചവടം മുന്നിൽ കണ്ട് ലക്ഷങ്ങൾ മുടക്കി പഴവർഗങ്ങൾ സ്റ്റോക്ക് ചെയ്ത വ്യാപാരികളും വേനലിൽ വിളവെടുക്കാൻ പാകത്തിന് കൃഷിയിറക്കിയ പഴവർഗ ഉത്പാദകരും ഒരേ പോലെ കഷ്ടത്തിലായി. ഓറഞ്ച്, തണ്ണിമത്താൻ, പപ്പായ, വാഴപ്പഴം, പൈനാപ്പിൾ എന്നിവ സ്റ്റോക്ക് ചെയ്തവരെയാണ് മഴ വല്ലാതെ ചതിച്ചത്. കച്ചവടം തീരെ കുറഞ്ഞതോടെ വൻകിട കച്ചവടക്കാർ ഇത് ക്ഷീരകർഷകർക്ക് കന്നുകാലികൾക്കുള്ള തീറ്റയെന്നോണം ഒഴിവാക്കുകയാണ്.
കാലം തെറ്റിയുള്ള മഴയിൽ പഴവർഗങ്ങൾക്ക് പുറമെ കാപ്പി, അടക്ക, കുരുമുളക്, നെല്ല് തുടങ്ങിയ വിളകളും ഏറെ നശിച്ചിട്ടുണ്ട്.
''പതിറ്റാണ്ടുകളായി ബത്തേരിയിൽ പഴക്കച്ചവടമാണ്. ഇതുവരെ ഇങ്ങനെ ഒരു അവസ്ഥയുണ്ടായിട്ടില്ല. മഴ തുടങ്ങിയതോടെ ഒരു ലക്ഷത്തിൽപരം രൂപയുടെ തണ്ണിമത്തൻ മാത്രം വില്പന നടക്കാതെ നശിച്ചുപോയി. മറ്റു പഴവർഗങ്ങളും വാങ്ങാനാളില്ല.
അബ്ദുള്ള,
കച്ചവടക്കാരൻ