പുൽപ്പള്ളി: തീരാത്ത കടുവശല്യത്താൽ പൊറുതി മുട്ടിയിരിക്കുകയാണ് പുൽപ്പള്ളിക്കാർക്ക്.
കഴിഞ്ഞ കുറച്ചു മാസങ്ങൾക്കിടെ കടുവയുടെ മിന്നലാക്രമണം പല തവണയുണ്ടായി. ഡ്യൂട്ടിയ്ക്കിടെ ചെതലയം റേഞ്ച് ഓഫീസർ ടി. ശശികുമാർ ആക്രമണത്തിന് ഇരയാവുന്നത് രണ്ടാം തവണയാണ്.
കാട്ടിൽ വിറകുവെട്ടാൻ പോയ കദവാക്കുന്നിലെ യുവാവിനെ കടുവ കൊന്നുതിന്നത് മാസങ്ങൾക്കു മുമ്പായിരുന്നു. പിന്നീട് പുൽപ്പള്ളി വീട്ടിമൂലയിൽ നിരവധി വളർത്തുമൃഗങ്ങളെയും കടുവ കൊന്ന് അകത്താക്കി. നേരത്തെ റേഞ്ച് ഓഫീസർ ശളികുമാറിനെ ആക്രമിച്ച ഇതേ കടുവയെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ കുറച്ചകലെയായി ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു.
ചീയമ്പത്ത് കടുവശല്യം രൂക്ഷമായതിനു ഇതിനു ശേഷമായിരുന്നു. ഇവിടുത്തെ ആദിവാസികോളനിയിലെ പത്തോളം ആടുകളെയാണ് കടുവ കൊന്നു തിന്നത്. ഈ കടുവ പിന്നീട് കെണി വെച്ച കൂട്ടിൽ കുടുങ്ങി.
പുൽപ്പള്ളി - ബത്തേരി റൂട്ടിൽ പാമ്പ്ര ഭാഗത്ത് നാളുകൾക്ക് മുമ്പ് നിരന്തരം കടുവശല്യമുണ്ടായിരുന്നു. നിരവധി യാത്രക്കാർ കടുവയുടെ മുന്നിൽ നിന്നു തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇപ്പോൾ കബനി തീരത്തെ കൊളവള്ളിയിലാണ് കടുവയുടെ വിളയാട്ടം. നാല് ദിവസത്തിനിടെ അഞ്ച് നായ്ക്കളെ കൊന്നു. കബനി തീരത്തിനപ്പുറത്തായുള്ള കർണാടകയിലെ ബന്ദിപ്പൂർ കടുവാ സംരക്ഷണ കേന്ദ്രത്തിൽ നിന്നാണ് ജനവാസ കേന്ദ്രത്തിലേക്ക് കടുവ എത്തിയതെന്നാണ് നിഗമനം.
കടുവയെ ഇനിയും പിടികൂടാനാവാത്തതിൽ നാട്ടുകാർ ഏറെ അമർഷത്തിലാണ്. ഞായറാഴ്ച രാവിലെ ഇവർ സംഘടിച്ച് വനപാലകർക്കു നേരെ തിരിഞ്ഞിരുന്നു. ഈ പ്രദേശത്തെ പല തോട്ടങ്ങളിലുമായി മാറിമാറി താവളമുറപ്പിക്കുകയാണ് കടുവ. ആദ്യം കണ്ട സ്ഥലത്തു നിന്നും ഒരു കിലോമീറ്റർ മാറി സീതാമൗണ്ടിലാണ് പിന്നീട് കടുവയെ കണ്ടത്. ഓടിക്കുമ്പോൾ കുറ്റിക്കാടുകൾക്കുള്ളിൽ മറയുകയാണ്. പടക്കം പൊട്ടിച്ചും മറ്റും കാട്ടിലേക്ക് തുരത്താനുള്ള ശ്രമം വിഫലമാവുകയായിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് റേഞ്ച് ഓഫീസർ അടക്കം തെരച്ചിലിനായി വീണ്ടും ഇറങ്ങിയതിനിടയ്ക്കാണ് ആക്രമണമുണ്ടായത്.
കൊളവള്ളിയിൽ നാട്ടുകാർക്ക് വനം വകുപ്പ് ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടുവയെ പിടികൂടാൻ രണ്ട് കൂടുകൾ കൂടി സ്ഥാപിച്ചു. കബനി കടന്നെത്തിയ കടുവയെ തുരത്തുന്നതിന് പകരം മയക്കുവെടിവച്ച് പിടികൂടണമെന്ന ആവശ്യമാണ് നാട്ടുകാരുടേത്.