പുൽപ്പള്ളി: മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിലെ കൊളവള്ളിയിൽ വൻഭീഷണിയായി മാറിയ നരഭോജി കടുവ മയക്കുവെടിയേറ്റിട്ടും വീണില്ല. പിടികൊടുക്കാതെ കടുവ സംസ്ഥാന അതിർത്തി കടന്ന് കർണാടക വനത്തിലേക്ക് മറയുകയായിരുന്നു. അതിനിടെ പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചർ ജിജേഷ് (35) കടുവയുടെ ആക്രമണത്തിനിരയായി. ഇദ്ദേഹത്തെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാട് അരിച്ച് പെറുക്കിയുളള വനപാലക സംഘത്തിന്റെ പരിശോധനയ്ക്കിടെയാണ് കടുവയ്ക്കു നേരെ മയക്കുവെടിയുതിർത്തത്. വെടിയേറ്റെങ്കിലും കടുവ കന്നാരംപുഴ കടന്ന് അപ്പുറത്തെ വനത്തിലേക്ക് രക്ഷപ്പെടുകയായിരുന്നു.
ഡ്രോൺ ഉപയോഗിച്ചാണ് കടുവയ്ക്കായി വനപാലക സംഘം തെരച്ചിൽ നടത്തിയത്.കടുവയുടെ കാൽപ്പാടുകൾ പിന്തുടർന്ന് വനത്തിലൂടെ അതിസാഹസികമായി പരിശോധന നടത്തുകയായിരുന്നു. ഇന്നലെ ഉച്ച കഴിഞ്ഞ് രണ്ടരയോടെയാണ് സീതാമൗണ്ടിനടുത്ത് പാറക്കവലയിലെ ആളൊഴിഞ്ഞ വീടിന്റെ വളപ്പിൽ കടുവയെ കണ്ടത്. തുടർന്ന് മയക്കുവെടി വെച്ച് പിടികൂടാനുള്ള ശ്രമമായി. മൂന്ന് മണിയോടെ ആദ്യ വെടിയുതിർത്തു. വെടിയേറ്റ കടുവ ഓടുന്നതിനിടെയാണ് പിന്തുടർന്ന വനം വകുപ്പ് വാച്ചറെ ആക്രമിച്ചത്.
കഴിഞ്ഞ ദിവസം ചെതലയം ഫോറസ്റ്റ് ഒാഫീസർ ടി.ശശികുമാറും കടുവയുടെ ആക്രമണത്തിനിരയായിരുന്നു.