മാനന്തവാടി: കുറുക്കൻമൂല കോളനിയിലെ ആദിവാസി സ്ത്രീ ശോഭയുടെ മരണം അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. ശോഭയുടെ അമ്മയുടെ പരാതി പ്രകാരമാണ് നടപടി.
ശോഭയുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്നും, കൂടുതൽ അന്വേഷണം ആവശ്യമാണെന്നും കാണിച്ച് ശോഭയുടെ അമ്മ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. അന്വേഷണം നടന്നുവരവേ ചില സംഘടനയിൽ പെട്ട ആളുകൾ ശോഭയുടെ കേസ് നടത്തിപ്പിന്റെ ആവശ്യത്തിലേക്കായി പണ പിരിവ് നടത്തുന്നതായി പൊലീസ് അറിയിച്ചു. ഇത്തരത്തിൽ പണപ്പിരിവ് നടത്താൻ കോളനി നിവാസികളെ ഉപയോഗിക്കുന്നതായും പരാതി ലഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ പണപ്പിരിവ് നടത്തി മാവോയിസ്റ്റ് പോലുള്ള നിരോധിക്കപ്പെട്ട സംഘടനകൾക്ക് പണം എത്തിച്ച് കൊടുക്കുന്നതായും നാട്ടുകാർ സംശയിക്കുന്നുണ്ട്.
മാവോയിസ്റ്റ് സംഘടനകളുമായി അടുത്ത ബന്ധം പുലർത്തുന്ന ചില സംഘടനകളാണ് നാട്ടുകാരിൽ നിന്നും കച്ചവട സ്ഥാപനങ്ങളിൽ നിന്നും നിർബന്ധപൂർവ്വം പണപ്പിരിവ് നടത്തുന്നത്. കഴിഞ്ഞ ദിവസം ഇത്തരത്തിൽ പണപ്പിരിവ് നടത്തുന്നതായി പരാതി ലഭിച്ചിരുന്നു. മാനന്തവാടി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
പോരാട്ടം സംഘടനയുടെ ഷാന്റോ ലാലിന് എതിരെയാണ് പരാതി. ഇത്തരത്തിലുള്ള പണപ്പിരിവുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പൊലീസിൽ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.