മാനന്തവാടി: കുങ്കിച്ചിറ വിലങ്ങാട് റോഡ് യാഥാർത്ഥ്യമാക്കണമെന്ന് എടവക മുൻ പഞ്ചായത്ത് മെമ്പർ എ.എം.കുഞ്ഞിരാമന്റെ നേതൃത്വത്തിലുള്ള ജനകീയ കൂട്ടായ്മ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. വയനാട്, കണ്ണൂർ, കോഴിക്കോട് ജില്ലകളെ എളുപ്പത്തിൽ ബന്ധിപ്പിക്കുന്നതാണ് കുങ്കിച്ചിറ വിലങ്ങാട് റോഡ്. വിലങ്ങാട് പാനോം, കുങ്കിച്ചിറ കുഞ്ഞോം, ഞാറലോട് പാലേരി തുടങ്ങി എടവക പള്ളിക്കൽ പാണ്ടിക്കടവ് വഴി മാനന്തവാടിയിലേക്ക് എത്തുന്ന റോഡ് യാഥാർത്ഥ്യമാക്കിയാൽ മാനന്തവാടി നാദാപുരം മണ്ഡലങ്ങളിൽ വൻ വികസനമുണ്ടാകും. വാണിമേൽ പഞ്ചായത്തും ഫോറസ്റ്റ് അധികൃതരും സംയുക്ത സർവ്വെ നടത്തി വനത്തിലൂടെയുള്ള കിലോമീറ്റർ കണ്ടെത്തി നഷ്ടപ്പെടുന്ന വനത്തിന്റെ നഷ്ടം വാണിമേൽ പഞ്ചായത്ത് നൽകുമെന്ന് ഉറപ്പ് നൽകിയിട്ടുള്ളതാണ്. ചുരുങ്ങിയ ചെലവിൽ ചുരമില്ലാത്തതും ഹെയർപിൻ വളവുകളോ കൽവർട്ടുകളോ ഇല്ലാത്ത ഏഴ് കിലോമീറ്റർ മാത്രം വനത്തിലൂടെ പോകുന്ന കുങ്കിച്ചിറ വിലങ്ങാട് റോഡ് യാഥാർത്ഥ്യമാക്കാൻ കേന്ദ്രസംസ്ഥാന സർക്കാരുകളും ജനപ്രതിനിധികളും തയ്യാറാകണമെന്നും ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു. എ.എം.കുഞ്ഞിരാമൻ, ജോൺസൺ മുട്ടത്തിൽ, ഇ.കെ.അബ്ദുള്ള, ജോർജ് ഫിലിപ്പ് എന്നിവർ പങ്കെടുത്തു.