family
അളകനന്ദ മാതാപിതാക്കൾക്കൊപ്പം

കൽപ്പറ്റ: ''എന്റെ കവിത മന്ത്രി പാടിയെന്നോ?. എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല...''

ധനമന്ത്രി ഡോ‌. ടി.എം തോമസ് ഐസക് ബജറ്റ് പ്രസംഗത്തിനിടെ പാടിയത് അളകനന്ദ എഴുതിയ മഹാമാരി എന്ന കവിതയാണെന്ന് ചീക്കല്ലൂർ എൽ.പി സ്കൂളിലെ അദ്ധ്യാപകൻ ബിജു പറഞ്ഞപ്പോൾ കുട്ടിക്കവിയുടെ ആദ്യ പ്രതികരണം ഇങ്ങനെയായിരുന്നു.

കണിയാമ്പറ്റ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പത്താംതരം വിദ്യാർത്ഥിനിയായ അളകനന്ദ അക്ഷരമുറ്റം പതിപ്പിലേക്ക് നൽകിയ കവിതയായിരുന്നു മഹാമാരി. കൊവിഡ് പശ്ചാത്തലത്തിൽ കവിത എഴുതണമെന്ന് സ്കൂളിലെ അദ്ധ്യാപിക പറഞ്ഞപ്പോൾ എഴുതി നൽകിയതാണ്. അച്ചടിച്ച് വരികയും ചെയ്തു. ജീവിതത്തിലെ ഏറ്റവും വലിയ നിമിഷമായിരുന്നു അതെന്ന് അളകനന്ദ പറയുന്നു. ചെറുപ്പത്തിലെ കവിത എഴുതുമെങ്കിലും ഒന്നും പ്രസിദ്ധീകരണത്തിനായി നൽകിയിരുന്നില്ല. കവിത മന്ത്രി നിയമസഭയിൽ ആലപിച്ചെന്ന വിവരം അളകനന്ദയ്ക്ക് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല. ബിജു മാസ്റ്റർ വിവരം അറിയിച്ച് കുറച്ച് കഴിഞ്ഞപ്പോൾ അനുമോദനവുമായി നിരവധി പേരെത്തി.അനുമോദിക്കാൻ അദ്ധ്യാപകരുടെ വിളിയെത്തിയപ്പോൾ അക്ഷരാർത്ഥത്തിൽ അളകനന്ദ സന്തോഷംകൊണ്ട് മൗനത്തിലാണ്ടുപോയി.

വയനാട് പബ്ളിക് റിലേഷൻസ് വകുപ്പിലെ ജീവനക്കാരൻ ഹരിഹരന്റെയും കൂടോത്തുമ്മൽ എൽ.പി സ്കൂളിലെ പാചകക്കാരി ജോസ്നയുടെയും മകളാണ് അളകനന്ദ.വരദൂർ എ.യു.പി സ്കൂളിലെ ഏഴാംതരം വിദ്യാർത്ഥി യഥുനന്ദൻ സഹോദരനാണ്.അച്ഛൻ ഹരിഹരനും എഴുതാറുണ്ട്.

മഹാമാരി [Box]

(അളകനന്ദയുടെ കവിത)​

ഒരു പ്രോട്ടീൻ പാളിക്കുളളിൽ നിന്ന് നീ

ലോക യുദ്ധം പ്രഖ്യാപിച്ചപ്പോൾ

തോറ്റുപോകാതിരിക്കാൻകൂടി

ഞങ്ങളെ പഠിപ്പിക്കുകയായിരുന്നു

ആയിരം യുദ്ധ ചരിത്രങ്ങൾ പോലും

പഠിപ്പിക്കാത്ത മഹത്തായ പുസ്തകം

സ്വയം ഞങ്ങളുളളിൽ എഴുതിപ്പഠിച്ചിരിക്കുന്നു

ഭൂഖണ്ഡങ്ങളും രാജ്യങ്ങളും

വെറും പേരുകൾ മാത്രമായി

സർവ്വനാശത്തിന്റെ ആയുധങ്ങൾ

ഇനിയാവശ്യമില്ലാത്ത വിധം

അകത്തളങ്ങളിലാണ്ട് പോയി

ആഡംബരത്തിന്റെ അവസാന വാക്കും

നീർക്കുമിളക്ക് പോലും സമമല്ലെന്ന

നിലപാട് തറയിലുറച്ച് പോയി

ഞങ്ങൾ മതങ്ങളുടെ വേലിക്കെട്ടുകൾ

തകർത്തെറിഞ്ഞു

കേവല സ്നേഹമെന്ന മതവും ഭാഷയും

സംസ്ക്കാരവും അനാദിയിലെന്ന പോൽ

ഒരുൾചിരാതിന്റെ ശാന്തിയായ്

ഞങ്ങളിലുരുവമായുണർന്നു