medical

 അനുവദിച്ചത് 300 കോടി

കൽപ്പറ്റ: വയനാട് മെഡിക്കൽ കോളേജ് സംബന്ധിച്ച അനിശ്ചിതത്വം ഒടുവിൽ തീരുന്നു. സംസ്ഥാന ബഡ്‌ജറ്റിൽ 300 കോടി രൂപ നീക്കിവെക്കുകയും കോളേജ് തുടങ്ങാനാവശ്യമായ തസ്തികകൾ അനുവദിക്കുകയും കൂടി ചെയ്തതോടെ മെഡിക്കൽ കോളേജ് വൈകാതെ യാഥാർത്ഥ്യമാകുമെന്ന് ഉറപ്പായി.
ഇടതുമുന്നണി സർക്കാർ അധികാരത്തിലെത്തിയതോടെയാണ് ഫയലിലുറങ്ങിയ വയനാട് മെഡിക്കൽ കോളേജിന് വീണ്ടും ജീവൻ വെച്ചത്. മടക്കിമലയിൽ ചന്ദ്രപ്രഭ ട്രസ്റ്റ് ദാനം നൽകിയ അമ്പതേക്കർ ഭൂമി ഏറ്റെടുത്തതും അവിടെ റോഡ് നിർമ്മാണം തുടങ്ങിയതും എൽ ഡി എഫ് സർക്കാരാണ്. കിഫ്ബിയിൽ 650 കോടി രൂപ നിർമ്മാണത്തിനായി നീക്കിവെച്ചു. 2018 ആഗസ്ത് 17ന് തറക്കല്ലിട്ട് പ്രവൃത്തി ആരംഭിക്കാനും തീരുമാനിച്ചു. എന്നാൽ പ്രളയത്തിന് ശേഷം ഈ ഭൂമിയിൽ നിർമാണം നടത്തുന്നത് ജില്ല ദുരന്തനിവാരണ അതോറിറ്റിയും ഭൗമപഠനകേന്ദ്രവും തടഞ്ഞു. തുടർന്ന് ദേശീയപാതയിൽ തന്നെയുളള ചേലോട് എസ്റ്റേറ്റ് ഭൂമി കണ്ടെത്തി നിർമ്മാണം തുടങ്ങാൻ തീരുമാനിച്ചു. അതിനിടെയാണ് സർക്കാർ മെഡിക്കൽകോളേജിനായി മേപ്പാടിയിലെ വയനാട് ഡി എം വിംസ് മെഡിക്കൽ കോളേജ് വിട്ട് നൽകാമെന്ന് അറിയിച്ച് മാനേജ്‌മെന്റ് താത്പര്യം പ്രകടിപ്പിച്ചത്. എന്നാൽ ഡിഎം വിംസ് അധികൃതർ മുന്നോട്ടുവെച്ച നിർദേശങ്ങൾ സ്വീകാര്യമല്ലെന്ന് ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായുള്ള ഉന്നതതല സമിതി സർക്കാരിന് റിപ്പോർട്ട് നൽകി. തുടർന്നാണ് ഡി എം വിംസ് ഏറ്റെടുക്കേണ്ടെന്ന് സർക്കാർ തീരുമാനിച്ചത്.

അതോടെ, മെഡിക്കൽ കോളേജ് ഉപേക്ഷിച്ചെന്ന രീതിയിൽ വലിയ പ്രചാരണവുമായി യു ഡി എഫും അനുകൂലസംഘടനകളും ഇറങ്ങി. പക്ഷേ, ബഡ്‌ജറ്റ് പ്രഖ്യാപനം വന്നതോടെ പുതിയ മെഡിക്കൽ കോളേജിന്റെ കാര്യത്തിൽ അനിശ്ചിത്വം നീങ്ങിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഹീമോ ഗ്ലോബിനോപ്പതി റിസർച്ച് ആൻഡ് കെയർ സ്ഥാപിക്കാനുള്ള തീരുമാനവും വയനാടിന് കരുതലേകുന്നതായി. അരിവാൾ രോഗം ഉൾപ്പെടെ രക്തജന്യരോഗികൾക്ക് ഏറെ ആശ്വാസം പകരുന്നതാണ് സർക്കാർ തീരുമാനം.