കൽപ്പറ്റ: കാപ്പി 90 രൂപ തറവിലയ്ക്ക് സംഭരിക്കാനുള്ള തീരുമാനത്തിൽ ജില്ലയിലെ കർഷകർ ആഹ്ലാദത്തിൽ. കോർപ്പറേറ്റ് ചൂഷണം തകർത്ത കാപ്പി കൃഷി മേഖലയ്ക്ക് പ്രതീക്ഷ പകരുന്നതാണ് സർക്കാർ തീരുമാനം.
കർഷകരിൽ നിന്ന് 90 രൂപ നിരക്കിൽ കാപ്പി സംഭരിച്ച് സംസ്‌കരിച്ച് വയനാട് ബ്രാൻഡഡ് കോഫി ഉത്പാദനം അടുത്ത മാസം ആരംഭിക്കുമെന്ന് മന്ത്രി ബഡ്‌ജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. പ്രാരംഭഘട്ടത്തിൽ ബ്രഹ്മഗിരിയിലെ കോഫി പ്ലാന്റാണ് ഉപയോഗപ്പെടുത്തുക. ഇത് വിപുലപ്പെടുത്തുന്നതിന് 5 കോടി രൂപ ബ്രഹ്മഗിരി സൊസൈറ്റിയ്ക്ക് അടിയന്തരമായി നൽകും. ഏപ്രിലോടെ വയനാട് കോഫിയുടെ 500 വെൻഡിംഗ് മെഷീനുകളും 100 കിയോസ്‌കുകളും കുടുംബശ്രീ വഴി ആരംഭിക്കും. ഇതിനായി കുടുംബശ്രീയ്ക്ക് 20 കോടി രൂപ അധികമായി അനുവദിച്ചു. കിഫ്ബിയിൽ വയനാട് കോഫി പാർക്ക് യാഥാർത്ഥ്യമാക്കും. ഇതിനായി പ്രാരംഭ ഘട്ടത്തിൽ 10 കോടി രൂപ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
കാപ്പി കൃഷി മുഖ്യവരുമാന മാർഗമാക്കിയ ജില്ലയിലെ അറുപതിനായിരത്തോളം വരുന്ന കാപ്പി കർഷകരുടെ കണ്ണീരൊപ്പുന്നതാണ് സർക്കാർ നടപടി. 67,770 ഹെക്ടറിലാണ് ഇവിടെ കാപ്പി കൃഷി. ആദ്യകാലത്ത് കാപ്പിയ്ക്ക് ഉയർന്ന വില കിട്ടിയിരുന്നുവെങ്കിലും തൊണ്ണൂറുകളിൽ കോൺഗ്രസ് സർക്കാർ നടപ്പാക്കിയ ആഗോളവത്കരണ നയമാണ് വിലിയിടിവിന് കാരണമായത്. ആഗോള കുത്തകകൾ നിയന്ത്രിച്ച് കൊള്ളലാഭമെടുത്തപ്പോൾ വില കിട്ടാതെ കർഷകർ കടക്കെണിയിലായി. വിളവെടുക്കുമ്പോഴുള്ള മാർക്കറ്റ് വ്യതിയാനങ്ങൾ കാപ്പി വിപണിയിൽ കർഷകർക്ക് തിരിച്ചടിയായി. തറവില നിശ്ചയിച്ച് സർക്കാർ കാപ്പി സംഭരിക്കുന്നതോടെ ഈ പ്രതിസന്ധിയ്ക്കാണ് പരിഹാരമാകുന്നത്.