സുൽത്താൻ ബത്തേരി: വനാതിർത്തി പ്രദേശങ്ങളിലെ കർഷക കുടുംബങ്ങൾ വല്ലാത്ത ധർമ്മസങ്കടത്തിലാണ്. ഒരേ സമയം കൃഷിയിടങ്ങളിലെന്ന പോലെ വീട്ടിലെ അടുക്കളയിലും കാവലിന് ആളില്ലെങ്കിൽ കുഴഞ്ഞതുതന്നെ. വിളകൾ അപ്പാടെയെന്നോണം നശിപ്പിക്കുന്ന വാനരസൈന്യം വീടുകൾക്കുള്ളിലേക്കും നുഴഞ്ഞുകയറുകയാണ്. അകത്താരുമില്ലെന്നാണെങ്കിൽ അടുക്കളയിൽ പാകം ചെയ്ത ഭക്ഷണം വരെ നാനാവിധമാക്കിയിരിക്കും.
നൂൽപ്പുഴ പഞ്ചായത്തിലെ വനാതിർത്തി മേഖലകളോടു ചേർന്ന പ്രദേശത്തെ ജനങ്ങളാണ് വല്ലാതെ വലയുന്നത്. കൂട്ടത്തോടെ എത്തുന്ന കുരങ്ങന്മാരുടെ ശല്യം കാരണം കർഷകർക്ക് വിളവെടുക്കാനാവുന്നില്ല. അടുക്കളയിൽ നിന്നു ഭക്ഷണം പാത്രത്തോടെ അടിച്ചുമാറ്റുന്ന വാനരവീരന്മാരുമുണ്ട്.
വനാതിർത്തിയിലെ കർഷകർക്ക് ഈയടുത്ത കാലം വരെ ഭീഷണി കൂടുതലും കാട്ടാന, കാട്ടുപോത്ത്, പന്നി, കാട്ടാട് തുടങ്ങിയവയുടെ ഭാഗത്തു നിന്നായിരുന്നു. നേരത്തെ വാനരശല്യം ഒറ്റയ്ക്കു തെറ്റയ്ക്കുമെന്ന തരത്തിലേയുണ്ടായിരുന്നുള്ളൂ. വീടുകളിലേക്ക് അതിക്രമിച്ചു കയറുന്ന ശീലവുമുണ്ടായിരുന്നില്ല ഇവയ്ക്ക്. എന്നാൽ, തീറ്റ തരപ്പെടാത്തതുകൊണ്ടാവണം പലപ്പോഴും കുരങ്ങന്മാർ മണം പിടിച്ച് അടുക്കളയിലേക്ക് ഇരച്ചുകയറുകയാണ്. ഇപ്പോൾ വാനരശല്യം പേടിച്ച് പകൽ സമയത്ത് പോലും വീടിന്റെ വാതിലുകളും ജനലുകളും അടച്ചിടേണ്ടി വരികയാണ് ഈ പ്രദേശത്തുകാർക്ക്.
വലിയ വിക്രസുകാരുമുണ്ട് കുരങ്ങന്മാരുടെ കൂട്ടത്തിൽ. ബഹളം വെച്ച് തുരത്താൻ നോക്കുന്നത് സ്ത്രീകളാണെങ്കിൽ ഇക്കൂട്ടർ പിന്മാറാനൊന്നും കൂട്ടാക്കാതെ തിരിച്ച് ആക്രമിക്കാൻ മുതിരുകയാണ്. ഈയിടെ ബത്തേരി മാനിക്കുനി ഭാഗത്ത് പ്രത്യക്ഷപ്പെട്ട കുരങ്ങ് വീട്ടിൽ കയറി ഭക്ഷണ സാധനം എടുക്കാൻ ശ്രമിച്ചപ്പോൾ വീട്ടമ്മ തടഞ്ഞപ്പോൾ അവരുടെ തലയിലേക്ക് വീടിന്റെ ഓട് ഇളക്കിയിടുകയായിരുന്നു.
നാണ്യവിളകളും കുരങ്ങൻ കൂട്ടം നശിപ്പിക്കുന്നുണ്ട്. കൂട്ടത്തോടെ തെങ്ങിൻ മണ്ടയിൽ കയറിയാൽ പിന്നെ ഇവയുടെ വിളയാട്ടമായി. ഇളനീർ പരുവം പോലുമാകാത്തവ പറിച്ച് തള്ളുകയാണ് ചെയ്യുക. മിക്കയിടത്തും വിളനാശം പേടിച്ച് കാവലിരിക്കുകയാണ് കർഷകർ.
ഭൂമി പാട്ടത്തിനെടുത്ത് കൃഷിയിറക്കിയ പുറ്റനാൽ ദേവസ്യയുടെ വളപ്പിലെ സർവതും വാനരന്മാർ നശിപ്പിച്ചത് കാവൽ ഒഴിഞ്ഞ നേരത്തായിരുന്നു. ഇദ്ദേഹം അപ്പുറത്തെ പണിക്കാർക്ക് ഭക്ഷണം കൊടുക്കാൻ പോയി തിരിച്ചെത്തുമ്പോഴേക്കും കുട്ടമായി എത്തിയ കുരങ്ങന്മാർ വാഴയും കപ്പയുമെല്ലാം നശിപ്പിച്ചു. കൃഷനാശം നേരിട്ടതിന് നഷ്ടപരിഹാരം തേടി സർക്കാർ ഓഫീസുകൾ കയറി അപേക്ഷ നൽകിയാൽ കൃത്യമായ ഒരു മറുപടി പോലുമില്ലെന്ന ആക്ഷേപമാണ് പൊതുവെ കർഷകർക്ക്.