cala


കൽപ്പറ്റ: മികവും കഴിവും തെളിയിച്ച് നാടിന്റെ യസസ്സുയർത്തിയ വ്യക്തികളുടെ ജീവിതരേഖയുമായി രാഹുൽഗാന്ധി എം പി യുടെ പുതുവത്സര കലൻഡർ. വയനാടിന്റേതടക്കം പ്രകൃതിഭംഗി ഒപ്പിയെടുത്ത പെയിന്റിംഗുകളും ഇതിനെ വ്യത്യസ്തമാക്കുന്നു. വയനാട് മണ്ഡലത്തിൽ പെടുന്ന ചെറുവയൽ നെൽപ്പാടം, പനമരത്തെ കൊറ്റില്ലം, ബാണാസുരസാഗർ ഡാം, ചെമ്പ്ര മല, മുത്തങ്ങ വന്യജീവി സങ്കേതം, ഫാന്റം, താമരശ്ശേരി ചുരം, പഴശ്ശി സ്മാരകം, കനോലി തേക്ക് മ്യൂസിയം, ചാലിയാർ പുഴ, വെള്ളരിമല, പാറ, കേരളംകുണ്ട് വെള്ളച്ചാട്ടം എന്നിവയുടെ പെയിന്റിംഗുകളാണുള്ളത്.

ശാരീരികവൈകല്യങ്ങളെ അതിജീവിച്ച് ജൈവകൃഷി നടത്തിവരുന്ന കുഭാംമയെ പരിചയപ്പെടുത്തിയാണ് കലൻഡറിലെ ആദ്യമാസത്തിന്റെ തുടക്കം. കേരളത്തിലെ സ്‌പെഷ്യൽ സ്‌കൂൾ കലോത്സവങ്ങളിലെ സൂപ്പർതാരമായി മാറിയ മുഹമ്മദ് ആഷിഖ്, 90 കഴിഞ്ഞിട്ടും ചുറുചുറക്കോടെ മണ്ണിൽ പണിയെടുക്കുന്ന പുൽപ്പള്ളി സുരഭിക്കവലയിലെ നിരപ്പുതൊട്ടിയിൽ മാത്യു - മേരി ദമ്പതികൾ, ഉൾക്കാട്ടിലും ഗുഹകളിലും ജീവിക്കുന്ന ചോല നായ്ക്ക വിഭാഗത്തിലെ ആദ്യബിരുദധാരിയും ഗവേഷകനുമായ വിനോദ്, അന്തർദ്ദേശീയ വോളിബാൾ താരം ജിംന എബ്രഹാം, ദേശീയ സ്‌കൂൾ ഗെയിംസിൽ ഫുട്ബാൾ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ കേരള ടീമിന്റെ ക്യാപ്ടനായിരുന്ന എം എം വിശാഖ് , അദ്ധ്യാപനം പാട്ടിലൂടെ രസകരമാക്കി മാറ്റിയ ശ്രദ്ധേയനായ നിയാസ് ചോല, കേരള സ്‌കൂൾ കായികമേളയിൽ രണ്ട് സ്വർണവും ഒരു വെള്ളിയും നേടിയ ആദിവാസി പണിയ വിഭാഗത്തിൽപ്പെട്ട വിഷ്ണു, സ്വയം വികസിപ്പിച്ചെടുത്ത മെഷീനുകൾ കൊണ്ട് അത്ഭുതബാലനെന്ന് പേര് കേട്ട റ്റൈലൻ സജി, ഇന്ത്യൻ വ്യോമസേനയുടെ ആഗ്രയിൽ നടന്ന പാരാജംപിംഗ് ക്യാംപിൽ പങ്കെടുത്ത കേരളത്തിൽ നിന്നുള്ള ഏകപെൺകുട്ടി കെ.ഫർസാന റഫീഖ്, ചിത്രകലയിൽ ഗിന്നസ് ഉൾപ്പെടെ നിരവധി റെക്കോർഡുകൾ നേടിയ എം ദിലീഫ്, കാഴ്ച നഷ്ടമായ മീനങ്ങാടിയിലെ പി.എസ് കവയത്രി നിഷ എന്നിവരെയാണ് കലൻഡറിൽ അവതരിപ്പിക്കുന്നത്.