മാനന്തവാടി: വയനാട്ടിലെ ആദ്യത്തെ ഉദ്യാനമായി അറിയപ്പെടുന്ന പഴശ്ശി പാർക്ക് മാനന്തവാടിയിൽ പുതുമോടിയോടെ അണിഞ്ഞൊരുങ്ങുന്നു. അവസാനഘട്ടത്തിലേക്ക് കടന്ന നവീകരണ പ്രവൃത്തികൾ പൂർത്തിയാകുന്നതോടെ വൈകാതെ ഉദ്ഘാടനത്തിന് സജ്ജമാവുമെന്നാണ് പ്രതീക്ഷ.
ഏറെക്കാലം അടഞ്ഞുകിടന്ന പാർക്കിൽ ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ രണ്ടു കോടിയിൽ പരം ചെലവഴിച്ചാണ് നവീകരണ പ്രവൃത്തികൾ പൂർത്തിയാക്കി വരുന്നത്. നഗരത്തിൽ നിന്നു വിളിപ്പാടകലെയുള്ള പാർക്കിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ ഒ.ആർ.കേളു എം.എൽ.എ യുടെ ആസ്തിവികസന ഫണ്ടിൽ നിന്നു 25 ലക്ഷം രൂപയും ലഭ്യമാക്കിയിരുന്നു.
കുട്ടികളെയും മുതിർന്നവരെയും ഒരു പോലെ ആകർഷിക്കാൻ കഴിയുന്ന വിധത്തിലാണ് നവീകരണം. ഇലച്ചാർത്തുകൾ തണൽ വിരിക്കുന്ന സഞ്ചാരപാതയിലൂടെ നടന്നുനീങ്ങാം. കുട്ടികൾക്കായുള്ള അമ്യൂസ്‌മെന്റ് പാർക്കിനു പുറമെ ബോട്ടിംഗിനും സൗകര്യമുണ്ട് ഇവിടെ. കൂടുതൽ പെഡൽ ബോട്ടുകളും മറ്റു ബോട്ടുകളും എത്തിക്കാനാണ് തീരുമാനം. സാംസ്‌കാരിക പരിപാടികൾ അവതരിപ്പിക്കാനും മറ്റുമായി ഓപ്പൺ സ്റ്റേജും ഒരുങ്ങും. 10 ഹൈമാസ് ലൈറ്റുകൾ, 96 സ്ട്രീറ്റ് ലൈറ്റുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.
കബനി നദിയുടെ തീരത്തായി 1994 ലാണ് പഴശ്ശി പാർക്ക് തുറന്നത്. 1982 മുതൽ സോഷ്യൽ ഫോറസ്ട്രിയുടെ നഴ്‌സറിയായിരുന്ന അഞ്ചേക്കറോളം വിസ്തൃതിയുള്ള ഇവിടം 1994 ൽ ടൂറിസം വകുപ്പ് എറ്റെടുക്കുകയായിരുന്നു. മാനന്തവാടി - കൽപ്പറ്റ പാതയോരത്തെ പാർക്കിൽ സഞ്ചാരികൾ ഒഴിഞ്ഞ നേരമുണ്ടായിരുന്നില്ല. പല ഘട്ടങ്ങളായി പാർക്കിൽ ചെറിയ തോതിൽ നവീകരണം നടന്നിരുന്നെങ്കിലും കാലത്തിനൊത്തായിരുന്നില്ല അത്. പിന്നീടാണ് ഉദ്യാനം മോടി കൂട്ടാൻ വിപുലമായ പദ്ധതി തയ്യാറാക്കിയത്.
രാവിലെ 9 മുതൽ രാത്രി 9 വരെ പാർക്കിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കാനാണ് ആലോചന. മുതിർന്നവർക്ക് 20 രൂപയും കുട്ടികൾക്ക് 10 രൂപയുമാണ് പ്രവേശന ചാർജ്ജായി ഈടാക്കുക. ബോട്ട് സവാരിയ്ക്ക് രണ്ട് സീറ്റുള്ളതിന് 200 രൂപയും നാല് സീറ്റുള്ളതിന് 350 രൂപയുമാണ് നൽകേണ്ടി വരിക.നിലവിൽ ഒരു മാനേജർ, ഒരു റിസപ്ഷനിസ്റ്റ്, ഒരു വാച്ച്മാൻ, ഒരു അറ്റൻഡർ , ഒരു സ്വീപ്പർ എന്നിങ്ങനെ 5 ജീവനക്കാരാണുള്ളത്. നവീകരണം പൂർത്തിയാവുന്നതോെട കൂടുതൽ തസ്തികകൾ അനുവദിക്കും.
സംസ്ഥാന ഹൈവേ കടന്നു പോകുന്ന റൂട്ടായതിനാൽ ഇലക്ട്രിക് വാഹനങ്ങളുടെ ചാർജ്ജിംഗിനായി 2 യൂണിറ്റ് ചാർജ്ജിംഗ് സ്റ്റേഷനും ഇവിടെ സജ്ജീകരിക്കുന്നുണ്ട്. പൂർണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചായിരിക്കും പാർക്കിന്റെ പ്രവർത്തനം.
നവീകരണം ഇങ്ങനെ
ലാൻഡ് സ്‌കേപ്പ്
ലൈറ്റിംഗ് ജലധാര
കുട്ടികൾക്കുള്ള കളിസ്ഥലം
ഓപ്പൺ സ്റ്റേജ്
5 കിയോസ്‌കുകൾ
കബനി നദിയിലൂടെ ബോട്ടിംഗ്