കല്ലോടി: തൊണ്ടാർ ഡാം പദ്ധതി ഞങ്ങൾക്കുവേണ്ട എന്ന മുദ്രാവാക്യമുയർത്തി എടവക,വെള്ളമുണ്ട,തൊണ്ടർനാട് ഗ്രാമപഞ്ചായത്തുകളിലെ കുടുംബങ്ങൾ മൂളിത്താട് എ.എൽ.പി സ്‌കൂൾ ഗ്രൗണ്ടിൽ സമര സംഗമം നടത്തി. പത്തോളം ആക്‌ഷൻ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പ്രകടനമായാണ് ആളുകൾ സമ്മേളന നഗരിയിലെത്തിയത്. വയനാടിന്റെ ആവാസ വ്യവസ്ഥയും ആയിരങ്ങളുടെ നിത്യജീവിതവും തകർത്ത് തൊണ്ടാറിൽ അണ കെട്ടാൻ അനുവദിക്കില്ലെന്ന് സമരസംഗമത്തിലെത്തിയവർ പ്രതിജ്ഞയെടുത്തു.
രണ്ട് വൻഅണകെട്ടുകളുടെ സോഷ്യൽ ഓഡിറ്റിംഗ് നടത്തണം.കാരാപ്പുഴ, ബാണാസുര അണക്കെട്ടുകളിൽ നിന്ന് കൃഷിക്കും കുടിക്കാനും വെള്ളം കൊടുക്കാനുള്ള ഡി.പി.ആറാണ് അധികൃതർ തയ്യാറാക്കേണ്ടത്. പദ്ധതി പ്രദേശത്ത് ഡാം കെട്ടാൻ സർവ്വേ അനുവദിക്കില്ല. ജനഹിത പരിശോധനയ്ക്ക് അധികൃതർ തയ്യാറാവണമെന്നും സമരസംഗമം ആവശ്യപ്പെട്ടു.
പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ കെ.സഹദേവൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിൽ 5700 ഡാമുകളിലായി അഞ്ചു കോടി ജനങ്ങൾ കുടിയിറക്കപ്പെട്ടിട്ടുണ്ടെന്നും ഇതിൽ 45 ശതമാനവും ആദിവാസികളും പാവപ്പെട്ടവരും ആണെന്നും അദ്ദേഹം പറഞ്ഞു. ഇവിടെയും സംഭവിക്കാൻ പോകുന്നത് അതാണ്.
അഡ്വ. ഫാദർ സ്റ്റീഫൻ മാത്യു അദ്ധ്യക്ഷത വഹിച്ചു. സമരസമിതി കോഡിനേറ്റർ എസ്.ഷറഫുദ്ദീൻ ആമുഖപ്രഭാഷണം നടത്തി. വി.അബ്ദുല്ലഹാജി സമര പ്രഖ്യാപനം നടത്തി. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി.പ്രദീപ്, തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജി, വയനാട് പ്രകൃതി സംരക്ഷണ സമിതി ചെയർമാൻ എൻ.ബാദുഷ, തോമസ് അമ്പലവയൽ,ഷബീറലി, ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വിജയൻ, യു.സി.ഹുസൈൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ.വി.വിജോൾ, പി.ചന്ദ്രൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ലത വിജയൻ, പി.പി.മൊയ്തീൻ, ബ്രാൻ അഹമ്മദ് കുട്ടി, ജോർജ് പടക്കൂട്ടിൽ എന്നിവർ പ്രസംഗിച്ചു. ജനറൽ കൺവീനർ ആർ.രവീന്ദ്രൻ സ്വാഗതവും കെ.റഫീഖ് നന്ദിയും പറഞ്ഞു.