തലപ്പുഴ: ഗ്രാമസഭയിൽ പഞ്ചായത്ത് മെമ്പർ സമ്മാനമായി നൽകിയ കുളി സോപ്പ് ഉപയോഗിച്ച ചിലർക്ക് അലർജി അടക്കമുള്ള അസ്വസ്ഥതകൾ നേരിട്ടതായുള്ള പരാതിയുമായി ഡി.വൈ.എഫ്.ഐ. തവിഞ്ഞാൽ പഞ്ചായത്തിലെ 8ാം വാർഡായ തലപ്പുഴയിൽ വാർഡ് മെമ്പർ മുരുകേശന്റെ നേതൃത്വത്തിൽ ചേർന്ന ഗ്രാമസഭയിൽ വെച്ചാണ് സോപ്പ് വിതരണം ചെയ്തത്. 2016 ൽ നിർമ്മിച്ച കേമൽ എന്ന കമ്പനിയുടെ സോപ്പാണ് വിതരണം ചെയ്തത്. ഇത് ഉപയോഗിച്ച് അസ്വസ്ഥതകൾ നേരിട്ട ചിലർ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ടെന്നും, ഇതിനെതിരെ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയതായും ഡിവൈഎഫ്‌ഐ വാർത്താകുറിപ്പിൽ പറഞ്ഞു.
ഉപയോഗശൂന്യമായ സോപ്പ് നൽകി ജനങ്ങളെ കബളിപ്പിച്ച വാർഡ് മെമ്പർക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറിക്കും, പ്രസിഡന്റിനും നൽകിയ പരാതിയിൽ പറയുന്നു. എന്നാൽ കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ഗ്രാമീണ മേഖലയിലുള്ള വീട്ടുകാർക്ക് ശുചിത്വ ബോധവത്കരണത്തിന്റെ ഭാഗമായാണ് സോപ്പുകൾ വിതരണം ചെയ്തതെന്ന് മെമ്പർ മുരുകേശൻ പറഞ്ഞു.