check-post

സുൽത്താൻ ബത്തേരി : മുത്തങ്ങയിൽ ചെക്ക് പോസ്റ്റ് സമുച്ചയം പതിറ്റാണ്ട് പിന്നിട്ടിട്ടും സ്വപ്നമായി അവശേഷിക്കുന്നു. സംസ്ഥാന അതിർത്തിയിലെ വനത്തിലൂടെ കടന്നുപോകുന്ന ദേശീയ പാതയിൽ ചെക്ക് പോസ്റ്റുകൾക്ക് മുന്നിൽ വാഹനങ്ങൾ കാത്ത് കിടക്കുന്നത് വന്യമൃഗങ്ങൾക്കും യാത്രക്കാർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് ഒഴിവാക്കാനായിട്ടാണ് അഞ്ചോളം ചെക്ക് പോസ്റ്റുകൾ ഒന്നിച്ച് ഏകീകൃത ചെക്ക് പോസ്റ്റ് സ്ഥാപിക്കാൻ തീരുമാനിച്ചത്.
ഏകീകൃത ചെക്ക്‌പോസ്റ്റിനായി മുത്തങ്ങയിൽ നിന്ന് രണ്ട് കിലോമീറ്റർ മാറി വനമേഖല തുടങ്ങുന്ന കല്ലൂരിൽ 7. 53 ഏക്കർ സ്ഥലം വാങ്ങി. 7 കോടി രൂപ ചെലവഴിച്ചാണ് റവന്യു വകുപ്പ് ഭൂമി വാങ്ങിയത്. വാണിജ്യ നികുതി വകുപ്പായിരുന്നു ചെക്ക് പോസ്റ്റിന് വേണ്ടി സ്ഥലം ആവശ്യപ്പെട്ട് സർക്കാർ മുമ്പാകെ അപേക്ഷ സമർപ്പിച്ചിരുന്നത്. ചെക്ക് പോസ്റ്റ് സമുച്ചയത്തിന് കീഴിൽ വാണിജ്യ നികുതി വകുപ്പിന് പുറമെ , എക്‌സൈസ് , വനം, അനിമൽ ഹസ്‌ബെന്ററി വകുപ്പ് ,ആർ.ടി.ഒ ചെക്ക് പോസ്റ്റ് എന്നിവയാണ് സമുച്ചയത്തിന് കീഴിൽ വരുക. റവന്യു വകുപ്പ് ഭൂമി വാണിജ്യ നികുതി വകുപ്പിന് കൈമാറിയെങ്കിലും ചില സ്വകാര്യ വ്യക്തികളുമായി സ്ഥലം സംബന്ധിച്ച് തർക്കം നില നിന്നിരുന്നതിനാൽ തുടർ പ്രവർത്തനങ്ങൾക്ക് തടസം നേരിട്ടു.
അതിനിടെ ജി.എസ്.ടി നിലവിൽ വരുകയും അതിർത്തികളിലെ വാണിജ്യ നികുതി വകുപ്പിന്റെ ചെക്ക് പോസ്റ്റുകൾ എടുത്തുകളയുകയും ചെയ്തു. ഇതോടെ വാണിജ്യ നികുതി വകുപ്പിന് കൈമാറിയ ഭൂമി സർക്കാരിന് തന്നെ കൈമാറാൻ തീരുമാനമായി . കല്ലൂരിൽ തുടങ്ങുന്ന ഭവന സമുച്ചയത്തിന് വേണ്ടി ലൈഫ് മിഷന് ഭൂമി കൈമാറി. ഇതോടെ ഏകീകൃത ചെക്ക് പോസ്റ്റ് എന്ന ആശയം എങ്ങുമെത്താതെ പോയി. വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്തായിരുന്നു വാളയാർ, മുത്തങ്ങ ചെക്ക് പോസ്റ്റുകൾ അത്യാധുനിക സൗകര്യങ്ങളോടെ നവീകരിക്കാൻ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായാണ് മുത്തങ്ങയിൽ ചെക്ക് പോസ്റ്റ് സമുച്ചയം സ്ഥാപിക്കുന്നതിനായി സ്ഥലം ഏറ്റെടുത്തത്.

വനമേഖലയിലെ ചെക്ക് പോസ്റ്റുകൾ

വനം വകുപ്പിന് തലവേദനയാകുന്നു
വനമേഖലയിലൂടെ കടന്നു പോകുന്ന ദേശീയ പാതയോരത്ത് സ്ഥിതിചെയ്യുന്ന ചെക്ക് പോസ്റ്റുകൾ വനം വകുപ്പിന് തലവേദന സൃഷ്ടിക്കുന്നതായി പരാതി. ചെക്ക് പോസ്റ്റുകൾക്ക് മുന്നിൽ പരിശോധനയ്ക്കായി വാഹനങ്ങൾ മണിക്കൂറുകളോളം കാത്ത് കിടക്കുന്നത് ഗതാഗത തടസം സൃഷ്ടിക്കുകയും വന്യജിവീകൾക്ക് ശല്യമായി തീരുകയും ചെയ്യുന്നു. വാഹനങ്ങളിൽ നിന്നുള്ളവർ വന്യമേഖലയിലേക്ക് കടക്കുകയും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ പാഴ് വസ്തുക്കൾ വനത്തിലേക്ക് വലിച്ചെറിയുകയും ചെയ്യുന്നതായാണ് പരാതി.
മുത്തങ്ങയിലും തകരപ്പാടിയിലുമായിട്ടാണ് ഇപ്പോൾ ചെക്ക് പോസ്റ്റുകൾ പ്രവർത്തിക്കുന്നത്. ചെക്ക് പേസ്റ്റുകൾ റവന്യു , ലീസ് ഭൂമികളിലായിട്ടാണ് പ്രവർത്തിക്കുന്നതെങ്കിലും ഇത് വന്യ ജീവി സങ്കതത്തിനുള്ളിലാണ്. ചെക്ക് പോസ്റ്റുകളിൽ നിന്നുള്ള മാലിന്യവും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. വനമേഖലയിലുള്ള ചെക്ക് പോസ്റ്റുകൾ സൗകര്യപ്രദമായ രീതിയിൽ വനത്തിൽ നിന്ന് മാറ്റി പുറത്ത് സ്ഥാപിച്ചാൽ പ്രശ്‌നത്തിന് പരിഹാരമാകും . മാത്രമല്ല ഏകീകൃത ചെക്ക് പോസ്റ്റ് സമുച്ചയം പ്രാവർത്തികമായാൽ ഗതാഗത തടസവും വാഹനങ്ങൾ കാത്ത് കിടക്കേണ്ട അവസ്ഥയും ഒഴിവാക്കാനാകും.