kk
ടെന്റുകൾക്കെതിരെ കേരള കൗമുദി ഡിസംബർ 24-ന് പ്രസിദ്ധീകരിച്ച വാർത്ത

സുൽത്താൻ ബത്തേരി : റിസോർട്ടുകളുടെയും ഹോംസ്റ്റേകളുടെയും മറവിൽ ഉയരുന്ന ടെൻഡുകളിൽ വിനോദ സഞ്ചാരികളെ പാർപ്പിക്കുന്നത് യാതൊരു സുരക്ഷയുമില്ലാതെ. വയനാട്ടിലെ വിനോദ സഞ്ചാര മേഖലകളിൽ ഭൂരിഭാഗവും വനവുമായി ബന്ധപ്പെട്ട പ്രദേശമാണ്. ഇവിടെയാണങ്കിൽ വന്യമൃഗങ്ങളുടെ ആവാസ കേന്ദ്രവുമാണ്‌. മേപ്പാടിയിൽ ആനയുടെ ആക്രമണത്തിൽ ടെൻഡിൽ താമസിച്ചിരുന്ന വിനോദ സഞ്ചാരിയായ യുവതി മരിക്കാൻ ഇടയായ സാഹചര്യവും സുരക്ഷ വിഴ്ചയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
വയനാട്ടിലെ വിനോദ സഞ്ചാര മേഖലകളിൽ സുരക്ഷ മാനദണ്ഡം പാലിക്കാതെ അനധികൃതമായി ടെൻഡുകൾ കെട്ടി ആളുകളെ താമസിപ്പിക്കുന്നതിനെപ്പറ്റി കേരള കൗമുദി ഡിസംബർ 24-ന് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ലോകപ്രശസ്തമായ എടക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന അമ്പുകുത്തി മലനിരകൾ ഉൾപ്പടെയുള്ള പ്രദേശങ്ങളിലും ജില്ലയിലെ മറ്റ് വിനോദ സഞ്ചാര മേഖലകളിലും നിയമം ലംഘിച്ച് ടെൻഡുകൾ കെട്ടി സഞ്ചാരികളെ താമസിപ്പിക്കുന്നതായിരുന്നു വാർത്ത.
വിനോദ സഞ്ചാരമേഖലയിലെ റിസോർട്ടുകളിലും ഹോംസ്റ്റേകളിലും സഞ്ചാരികൾക്ക് സുരക്ഷ ഒരുക്കിവേണം താമസിപ്പിക്കാൻ . എന്നാൽ അനധികൃതമായി വനമേഖലകളിൽ ടെൻഡുകൾ സ്ഥാപിച്ച് ടൂറിസ്റ്റുകളെ താമസിപ്പിക്കുന്ന റിസോട്ട് മാഫിയ സംഘം ഇതൊന്നും പാലിക്കുന്നില്ല. തുച്ഛമായ ചെലവിൽ ടെൻഡുകൾ കെട്ടി സാഹസിക സഞ്ചാരികളെ താമസിപ്പിക്കുകയാണ്. വന്യമൃഗങ്ങളുടെയും ഇഴജന്തുക്കളുടെയും ആക്രമണം ഉണ്ടായാലും ആരും ഉത്തരവാദിയാകാറുമില്ല.
അമ്പലവയൽ ചീങ്ങേരി മലക്ക് സമീപവും, എടക്കൽ ഗുഹക്ക് സമീപമുള്ള കീച്ചേരികുന്നിലും കിഴക്കെ ചെരുവിലെ ഗോവിന്ദമൂല ചിറക്ക് സമീപവും യാതൊരു സുരക്ഷ മാനദണ്ഡവും പാലിക്കാതെ അനധികൃതമായി ടെൻഡുകൾ കെട്ടിയുണ്ടാക്കിയിട്ടുണ്ട്. ഇവിടെ വിദ്യാർത്ഥികളടക്കം കഴിഞ്ഞ ആഴ്ച താമസിക്കുകയുണ്ടായി.