meppadi
മേപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ട സ്ഥലം

# മേപ്പാടി പഞ്ചായത്തിലെ മുഴുവൻ റിസോർട്ടുകളും അടച്ചുപൂട്ടും

കൽപ്പറ്റ: വയനാട് ജില്ലയിലെ അനധികൃത റിസോർട്ടുകൾക്ക് കടിഞ്ഞാണിടാൻ ജില്ലാ ഭരണകൂടം. മേപ്പാടി എക്‌സ്‌പ്ലോർ വയനാട് ടെൻഡ് ഹൗസിലെത്തിയ വിനോദ സഞ്ചാരിയായ അദ്ധ്യാപിക കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് നടപടി കടുപ്പിക്കുന്നത്. സർക്കാർ തലത്തിൽ കർശന നടപടികളാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്. ജില്ലയിലെ മൊത്തം റിസോർട്ടുകളുടെ നടത്തിപ്പിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. സർക്കാർ കണക്കിൽ വരാത്ത റിസോർട്ടുകളും ഹോം സ്റ്റേകളും കണ്ടെത്തി നിയമ നടപടി സ്വീകരിക്കാനാണ് നീക്കം. ഇതിനിടെ മേപ്പാടി ഗ്രാമപഞ്ചായത്തിലെ മുഴുവൻ റിസോർട്ടുകളും അടച്ച് പൂട്ടാൻ പഞ്ചായത്ത് ഭരണസമിതിയുടെ അടിയന്തര യോഗത്തിൽ തീരുമാനമായി. അടച്ചു പൂട്ടലിനുശേഷം ലൈസൻസടക്കമുള്ള രേഖകൾ പരിശോധിച്ചായിരിക്കും റിസോർട്ടുകൾക്ക് തുറക്കാൻ അനുമതി നൽകുകയെന്ന് മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ഓമന രമേശ് പറഞ്ഞു. മേപ്പാടിയിൽ കഴിഞ്ഞ ദിവസം അപകടം നടന്ന റിസോർട്ടിന് പഞ്ചായത്ത് ലൈസൻസില്ലാതിരുന്നത് പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. മേപ്പാടി പഞ്ചായത്തിൽ നൂറിലേറെ റിസോർട്ടുകളും അത്ര തന്നെ ഹേം സ്റ്റേകളും പ്രവർത്തിക്കുന്നുണ്ട്. യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഇവയുടെ പ്രവർത്തനം. കാട്ടാനയുടെ ആക്രമണം നടന്ന മേപ്പാടിയിലെ എക്‌സ്‌പ്ലോർ വയനാട് ടെൻഡ് ഹൗസ് സ്ഥിതി ചെയ്യുന്നത് ഉരുൾപൊട്ടൽ ഭീഷണിയുളള മേഖലയിലാണെന്ന് കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ച ജില്ലാ കളക്ടർ ഡോ. അദീല അബ്ദളള വ്യക്തമാക്കിയിരുന്നു. നിയമങ്ങൾ കാറ്റിൽ പറത്തിയാണ് ഇവിടെ ടെൻഡുകൾ പ്രവർത്തിച്ചിരുന്നത്. ചെറിയൊരു മരപ്പലകയിൽ സുരക്ഷയൊന്നുമില്ലാതെ പടുത്തുയർത്തിയ ടെൻഡുകളിൽ താമസിക്കാനുള്ള ദിവസ വാടക 4000 രൂപ മുതൽ 5500 രൂപ വരെയാണ്. ഒാൺലൈനിലൂടെയാണ് ബുക്കിംഗ്. പ്രകൃതി പഠനം മുൻനിർത്തിയാണ് ഇവിടേക്ക് സഞ്ചാരികളെ ആകർഷിപ്പിക്കുന്നത്. ഏജൻസികളെ ഉപയോഗിച്ച് പരിസ്ഥിതി പഠന ക്യാമ്പും മറ്റും സംഘടിപ്പിക്കുകയാണ്. മതിയായ വഴി പോലും ഇവി‌ടേക്കില്ല. ഒമ്പത് കിലോ മീറ്ററോളം ദുർഘട പാതയാണ്. വനത്താൽ ചുറ്റപ്പെട്ട പ്രദേശമായതിനാൽ വൈദ്യുതി സൗകര്യമില്ല . കാട്ടാനകൾ ഉൾപ്പെടെയുളള വന്യമൃഗങ്ങളെ പ്രതിരോധിക്കാൻ സംവിധാനങ്ങളുമില്ല. പകൽ നേരത്തു പോലും കാട്ടാനകൾ ഇറങ്ങുന്ന പ്രദേശങ്ങളിലാണ് ടൂറിസത്തിന്റെ പേരിൽ റിസോർട്ടുകളും ടെൻഡുകളും ഉയർത്തിയിരിക്കുന്നത്. വയനാടിന്റെ പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുക്കാതെ സാമ്പത്തിക ലാഭം മാത്രം പരിഗണിച്ചാണ് റിസോർട്ടുകളും ഹോം സ്റ്റേകളും പ്രവർത്തിക്കുന്നത്.