മാനന്തവാടി: ഇൗ വളവ് നിവരും- പറയുന്നത് മാനന്തവാടി എം. എൽ.എ ഒ. ആർ.കേളു. വർഷങ്ങളായുളള മാനന്തവാടിയിലെ വൻ ഗതാഗത കുരുക്ക് ഒഴിവാകാൻ ഒടുവിൽ എം.എൽ.എ ഇടപെടുന്നു. മാനന്തവാടി മൈസൂർ റോഡിൽ നിന്ന് കോഴിക്കോട് റോഡിലേക്ക് തിരിയുന്ന വളവിൽ വലിയ ചരക്കു വാഹനങ്ങൾ കുടുങ്ങുന്നതും അതുവഴി നഗരത്തിൽ ഗതാഗത കുരുക്ക് അനുഭവപ്പെടുന്നതും പതിവാണ്. വലിയ ചരക്ക് വാഹനങ്ങൾക്ക് ഇവിടെ നിന്ന് വളച്ചെടുക്കാൻ ഏറെ ബദ്ധിമുട്ടാണ്. ഇതുകാരണം മണിക്കൂറുകളോളം ഗതാഗത തടസം നേരിടാറുണ്ട്. ആളുകൾ തളളിയും ജെ.സി.ബി ഉപയോഗിച്ച് വലിച്ചും മറ്റുമാണ് വാഹനങ്ങൾ മാറ്റുന്നത്. ഇൗ സാഹചര്യത്തിലാണ് വളവ് നിവർത്തുമെന്ന എം.എൽ.എയുടെ പ്രഖ്യാപനം. പ്രശ്‌നം പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ ഉടൻ ഉണ്ടാകുമെന്നും പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശം നൽകുകയും ആവശ്യമായ തുക സംസ്ഥാന സർക്കാരിൽ നിന്ന് അനുവദിക്കുകയും ചെയ്തിട്ടുണ്ടെന്ന് എം.എൽ.എ പറഞ്ഞു. ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രശ്‌ന പരിഹാരത്തിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസവും ലോറി കുടുങ്ങി ഏറെ നേരം ഗതാഗത തടസ്സമുണ്ടായിരുന്നു. മാനന്തവാടിയിലെ ഏറ്റവും പ്രധാനപ്പെട്ട റോഡിലാണ് ഇങ്ങനെ ഗതാഗതകുരുക്ക് ഉണ്ടാവുന്നത്.