
കൽപ്പറ്റ: രാജ്യത്തെ കാർഷിക മേഖലയെ രണ്ടോ, മൂന്നോ വ്യവസായികൾക്കായി മോദി സർക്കാർ തീറെഴുതുകയാണെന്നും, കാർഷിക നിയമങ്ങളുടെ അപകടം ജനങ്ങൾ വ്യക്തമായി മനസിലാക്കിയിരുന്നെങ്കിൽ രാജ്യത്തുടനീളം ശക്തമായ പ്രക്ഷോഭങ്ങൾ നടക്കുമായിരുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
മോദി സർക്കാരിന്റെ കർഷക വിരുദ്ധ നിയമങ്ങളെക്കുറിച്ച് ജനങ്ങളെ മനസിലാക്കിക്കാനുള്ള ബാധ്യത കോൺഗ്രസിനും, യു പി എക്കുമുണ്ടെന്ന് യു.ഡി.എഫ് യോഗത്തിൽ അദ്ദേഹം വ്യക്തമാക്കി കർഷകരെ സാരമായി ബാധിക്കുന്ന മൂന്ന് കാര്യങ്ങളാണ് നിയമത്തിലുള്ളത്. അതിലൊന്ന് കർഷക ചന്തകൾ ഇല്ലാതാക്കുകയാണ്. രണ്ടാമത്തേത് കോർപറേറ്റുകൾക്ക് ആവശ്യമുള്ളത്ര കാർഷിക വിളകൾ സംഭരിക്കാമെന്നതാണ്. അതോടെ,വില നിയന്ത്രിക്കാനുള്ള അധികാരം കോർപറേറ്റുകളിൽ വന്നു ചേരും.. കർഷകർക്ക് അവകാശ സംരക്ഷണത്തിന് കോടതിയിൽ പോകാനാവില്ലെന്നതാണ് മൂന്നാമത്തെ കാര്യം.
കേരളത്തിൽ കോൺഗ്രസിന്റെ ആശയപരമായ പോരാട്ടം എൽ ഡി എഫിനോടും, ബി ജെ പിയോടുമാണ്. രാജ്യത്ത് സി പി എമ്മിനെയാണോ, കോൺഗ്രസിനെയാണോ ബി ജെ പി കൂടുതൽ ആക്രമിക്കുന്നതെന്നറിയാൻ പത്രം മറിച്ച് നോക്കിയാൽ മതിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തി.