ഹൈ ടെക് പദവിയിൽ 418 വിദ്യാലയങ്ങൾ
മികവിന്റെ കേന്ദ്രങ്ങളായി 4 സ്‌കൂളുകൾ
കൽപ്പറ്റ: നാലു വർഷത്തിനിടെ ജില്ലയിൽ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഏതാണ്ട് പത്തിരട്ടി വർദ്ധന. ആകെ 34,935 വിദ്യാർത്ഥികളാണ് 2016 - 2020 കാലയളവിൽ ഒന്നാംതരത്തിൽ പ്രവേശനം നേടിയത്. ഇതിൽ പകുതിയിലേറെയും സർക്കാർ വിദ്യാലയങ്ങളിൽ തന്നെ. ഗവ. സ്‌കൂളുകളിൽ 17,947 കുട്ടികൾ പ്രവേശനം നേടിയപ്പോൾ എയ്ഡഡ് വിദ്യാലയങ്ങളിൽ എത്തിയത് 16,988 പേർ. എത്തിയത്. അൺ എയ്ഡഡ് സ്‌കൂളുകളിൽ ചേർന്നത് 3,493 കുട്ടികൾ മാത്രം.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാർ വിദ്യാലയങ്ങളുടെ ഭൗതികസൗകര്യങ്ങൾ പ്രകടമായി ഉയർന്നതോടെ കുട്ടികളുടെ ഒഴുക്കും കൂടുകയായിരുന്നു. 2016 - 17 അദ്ധ്യയന വർഷം 4,331 കുട്ടികളാണ് സർക്കാർ വിദ്യാലയങ്ങളിൽ പ്രവേശനം നേടിയതെങ്കിൽ 2019 - 20 വർഷത്തിൽ 4,598 കുട്ടികളെത്തി. മികവുറ്റ ക്ലാസ്സ് മുറികളും പഠനാന്തരീക്ഷവും കൂടുതൽ വിദ്യാർത്ഥികളെ പൊതു വിദ്യാലയങ്ങളിലേക്ക് ആകർഷിക്കുകയായിരുന്നു. മറ്റു ക്ലാസ്സുകളിലേക്കുള്ള പ്രവേശനത്തിലും വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർദ്ധനവുണ്ട്. നാലാം തരത്തിലും ഹൈസ്‌കൂൾ തലത്തിലും ഹയർ സെക്കൻഡറി തലത്തിലുമായി പതിനായിരത്തിലേറെ കുട്ടികൾ നാലു വർഷത്തിനിടയിൽ പ്രവേശനം നേടി.
എല്ലാം ഹൈ ടെക്
കേരളത്തിലെ ആദ്യത്തെ സമ്പൂർണ ഹൈ ടെക് ജില്ലയായി വയനാട് മാറുകയായിരുന്നു. ജില്ലയിലെ 418 വിദ്യാലയങ്ങളാണ് അത്യാധുനിക ലാബുകളോടെ ഹൈ ടെക് പദവിയിൽ എത്തിയത്. പ്രാഥമികതലം മുതൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ വരെ മികവുറ്റ സൗകര്യങ്ങൾ ഇവിടെ ഒരുക്കാൻ കഴിഞ്ഞു. സ്മാർട്ട് ക്ലാസ്സ് മുറികൾ, കളിക്കളങ്ങൾ, ശൗചാലയങ്ങൾ എന്നിങ്ങനെ എല്ലാം ഉന്നത നിലവാരത്തിലേക്ക് ഉയരുകയായിരുന്നു. 418 വിദ്യാലയങ്ങളിൽ മികവിന്റെ കേന്ദ്രങ്ങളായി നാല് സ്‌കൂളുളെ തിരഞ്ഞെടുത്തു. 74 കോടി രൂപ ചെലവിൽ ആധുനിക കെട്ടിടങ്ങൾ ഒരുങ്ങി. ജില്ലയിലെ 17 വിദ്യാലയങ്ങളിൽ പുതിയ കെട്ടിടങ്ങൾക്ക് തറക്കല്ലിട്ടു. 316 വിദ്യാലയങ്ങളിൽ ഹൈസ്‌പീഡ് ബ്രോഡ്ബാൻഡ് കണക്‌ഷൻ ലഭ്യമാക്കി.
74 ലിറ്റിൽ കൈറ്റ്‌സ് ഐ.ടി ക്ലബ്ബുകൾ 4161 അംഗങ്ങളുമായി മുന്നേറുന്നു. 4,996 അദ്ധ്യാപകർക്ക് പ്രത്യേക ഐ.ടി പരിശീലനം നൽകി.
കൊവിഡ് വ്യാപനത്തിനിടെ
ബദൽ പാഠശാലകൾ
കൊവിഡ് മഹാമാരി വിദ്യാലയങ്ങളുടെ വാതിലുകൾക്ക് താഴിട്ടപ്പോൾ ആയിരത്തിലധികം ഓൺലൈൻ ബദൽ പാഠശാലകൾ ഉണർന്നു. ആദിവാസി കോളനികളിൽ സാമൂഹ്യ പഠനമുറികളും ഇതിന്റെ ഭാഗമായി സജ്ജമാക്കി. സന്നദ്ധ പ്രവർത്തകരുമായി കൈകോർത്ത് ടെലിവിഷൻ അടക്കുള്ള സൗകര്യങ്ങൾ ഇവിടെയെല്ലാം ഒരുക്കിയിരുന്നു. പുതിയ അദ്ധ്യയനവർഷത്തിന്റെ തുടക്കത്തിൽ തന്നെ വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങൾ നൽകി. ഓൺലൈൻ ക്ലാസ്സുകളിൽ വിദ്യാർത്ഥികളെ നിരീക്ഷിക്കാൻ അദ്ധ്യാപകരുടെ സേവനവും ലഭ്യമാക്കി.
വീടുകളിൽ കഴിയുന്ന കുട്ടികൾക്ക് സൗജന്യ ഭക്ഷ്യക്കിറ്റുകൾ എത്തിച്ചു. ജില്ലയിലെ 307 വിദ്യാലയങ്ങളിലെ ഒന്നു മുതൽ എട്ടു വരെയുള്ള കുട്ടികൾക്കായി 1,71,867 ഭക്ഷ്യക്കിറ്റുകളാണ് രണ്ടു ഘട്ടങ്ങളിലായി വിതരണം ചെയ്തത്.