wayanad-

കൽപ്പറ്റ: പുതിയ മെഡിക്കൽ കോളേജ് എവിടെയായിരിക്കുമെന്നറിയാൻ വയനാടൻ ജനത കാത്തിരിക്കുമ്പോൾ സ്ഥലത്തെച്ചൊല്ലി അവകാശവാദങ്ങളും കൊഴുക്കുകയാണ്. നിർദ്ദിഷ്ട മെഡിക്കൽ കോളേജ് സംബന്ധിച്ച് ജില്ലാ കളക്‌ടർ ഡോ.അദീല അബ്ദുളള കഴിഞ്ഞ ദിവസമാണ് സർക്കാരിന് റിപ്പോർട്ട് അയച്ചത്.

ജില്ലയിൽ ഏതാണ്ട് എല്ലാ ഭാഗത്തും മെഡിക്കൽ കോളേജിന്റെ സാദ്ധ്യതയുമായി ബന്ധപ്പെട്ട അവകാശവാദങ്ങളുമായി അതാത് പ്രദേശത്തെ ജനങ്ങൾ മുന്നിട്ടിറങ്ങിയിട്ടുണ്ട്. 1980ൽ വയനാട് ജില്ലക്ക് രൂപം നൽകുമ്പോഴും ജില്ലാ ആസ്ഥാനത്തെ ചൊല്ലി ഏറെ വിവാദങ്ങളുയർന്നിരുന്നു. ഒടുവിൽ കൽപ്പറ്റയ്ക്ക് നറുക്ക് വീണു.

നേരത്തെ 2011 ലെ സംസ്ഥാന ബഡ്‌ജററിൽ യു.ഡി.എഫ് സർക്കാർ ഇടുക്കി, പത്തനംതിട്ട, മലപ്പുറം, കാസർകോട്, വയനാട് എന്നിവിടങ്ങളിലായി അഞ്ച് മെഡിക്കൽ കോളേജുകൾ പ്രഖ്യാപിച്ചിരുന്നു. വയനാടൊഴികെ നാലിടത്തും മെഡിക്കൽ കോളേജുകളായി.

ജിനചന്ദ്ര സ്മാരക ട്രസ്റ്റ് സംഭാവന നൽകിയ കോട്ടത്തറ പഞ്ചായത്തിലെ 50 ഏക്കർ സ്ഥലത്തു നിന്നു കോടികൾ വിലമതിക്കുന്ന കൂറ്റൻ മരങ്ങൾ കോളേജിന് മുന്നോടിയായി മുറിച്ചുമാറ്റിയതാണ്. പ്രളയശേഷം ഈ ഭൂമി നിർമ്മാണയോഗ്യമല്ലെന്നു കണ്ടതോടെ അത് ഒഴിവായി. ചുണ്ടേൽ എസ്റ്റേറ്റു ഭൂമി ഏറെറടുക്കാനുള്ള നീക്കം വിലയിൽ തട്ടി മുടങ്ങി. മേപ്പാടി അരപ്പറ്റയിൽ ഡോ.ആസാദ് മൂപ്പന്റെ നിയന്ത്രണത്തിലുളള ഡി.എം വിംസ് ഏറ്റെടുക്കാനുളള നീക്കവും സാങ്കേതികകാരണങ്ങളാൽ നടന്നില്ല.
ഇതിനിടെ കേന്ദ്ര ഗവ. ആസ്‌പിറേഷനൽ ജില്ലകൾക്കായി (കേരളത്തിൽ വയനാട് ജില്ല മാത്രം) പ്രഖ്യാപിച്ച ജില്ലാ ആശുപത്രികളോട് അറ്റാച്ച് ചെയ്ത് മെഡിക്കൽ കോളേജ് സ്ഥാപിക്കുന്ന ആയുഷ്‌മാൻ ഭാരത് യോജനയിൽ മാനന്തവാടിയിൽ പ്രവർത്തിക്കുന്ന വയനാട് ജില്ലാ ആശുപത്രിയെയും ഉൾപ്പെടുത്തണമെന്ന് കാണിച്ച് നിരവധി നിവേദനങ്ങൾ പോയി. 14 പേർ കേരള ഹൈക്കോടതിയെ സമീപിച്ചു. കഴിഞ്ഞ മാസം ചീഫ് ജസ്റ്റിസിന്റെ ബഞ്ച് ഇക്കാര്യത്തിൽ സത്വര നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകിയതാണ്. അങ്ങനെയാണ് ഡിഎം വിംസ് ഏറ്റെടുക്കുന്നതിൽ നിന്ന് സർക്കാർ പിന്മാറുന്നത്. സംസ്ഥാന ബഡ്‌ജററിൽ 300 കോടി വകയിരുത്തി, മെഡിക്കൽ കോളേജ് സ്ഥാപിക്കുമെന്ന പ്രഖ്യാപനവും പിറകെ വന്നു. കേന്ദ്രാവിഷ്‌കൃത പദ്ധതിയിൽ ജില്ലാ ആശുപതിയോടനുബന്ധിച്ച് മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതിന് വിശദമായ പദ്ധതിരേഖ തയ്യാറാക്കാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.