മുൻ പഞ്ചായത്ത് അംഗങ്ങളുടെ ഗാനമേളയ്ക്ക് പുതുജീവൻ
ആലപ്പുഴ: അധികാരം ഒഴിഞ്ഞതോടെ, അരങ്ങത്ത് വീണ്ടും സജീവമാവാനുള്ള പരിശീലനത്തിലാണ് തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിലെ 10 മുൻ അംഗങ്ങൾ. മുൻ പ്രസിഡന്റ് അഡ്വ. പി.എസ്. ജ്യോതിസിന്റെ നേതൃത്വത്തിൽ രൂപം നൽകിയ ഗാനമേള ട്രൂപ്പിന് പുതുജീവൻ.
കൊവിഡിന് മുമ്പുവരെ പഞ്ചായത്ത് പരിധിയിലെ എല്ലാ ആഘോഷങ്ങൾക്കും സ്ഥിരം സാന്നിദ്ധ്യമായിരുന്നു ഇവർ. ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെയാണ് അഞ്ച് വർഷം മുമ്പ് ട്രൂപ്പിന് തുടക്കമായത്. സംഘത്തിലെ ആരും പുതിയ ഭരണസമിതിയിലില്ല. വാദ്യോപകരണങ്ങൾ ആവശ്യമില്ലാത്ത കരോക്കെ ഗാനമേള അവതരണം സൗജന്യം. നാട്ടിലെ സ്കൂളുകളിലും പൊതുപരിപാടികളിലുമെല്ലാം ആട്ടവും പാട്ടവുമായി സംഘം സജീവമായിരുന്നു.
പ്രസിഡന്റാണ് താരം
25 വർഷം തുടർച്ചയായി തണ്ണീർമുക്കം പഞ്ചായത്തംഗമായിരുന്ന മുൻ പ്രസിഡന്റ് പി.എസ്.ജ്യോതിസ്, ജില്ലാ സ്കൂൾ കലോത്സവത്തിൽ ഭാരതനാട്യം, കുച്ചുപ്പുടി ഇനങ്ങളിൽ വിജയിയായിരുന്നു. പാശ്ചാത്യ വാദ്യോപകരണ വിഭാഗത്തിൽ മൂന്നു വർഷം യൂണിവേഴ്സിറ്റി തലത്തിൽ ഒന്നാം സ്ഥാനക്കാരനുമായിരുന്നു. ജാസ്, ഇലക്ട്രിക്കൽ ഡ്രംസ്, റിതം പാട്, കീ ബോർഡ്, കോംഗോ ഡ്രംസ്, ഡിജബേ, കജോൺ തുടങ്ങിയ പാശ്ചാത്യ വാദ്യ ഉപകരണങ്ങളുമായി ഇന്നും സജീവം. സിനിമാതാരം ബൈജു എഴുപുന്നയടക്കമുള്ള സുഹൃത്തുക്കളുമായി ചേർന്ന് 'ത്രില്ലർ' ബാൻഡും നടത്തുന്നുണ്ട്. ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും പിന്നണി ഗായികയുമായ ദലീമ ജോജോയ്ക്കൊപ്പം പ്രീഡിഗ്രി കാലത്ത് ചേർത്തല സെന്റ് മൈക്കിൾസ് കോളേജിൽ ഗാനമേള ട്രൂപ്പ് ഒരുക്കിയിന്നു.
പഞ്ചായത്ത് മുൻ അംഗങ്ങളായ കെ.ജെ.സെബാസ്റ്റ്യൻ, രമേഷ് ബാബു, സനൽ നാഥ്, സുധർമ്മ സന്തോഷ്, മിനി ബിജു, ബിനിത മനോജ്, പ്രസന്നകുമാരി, ശൈലേഷ്, നാടൻ പാട്ട് സ്പെഷ്യലിസ്റ്റ് എൻ.വി.ഷാജി എന്നിവരുമടങ്ങുന്നതാണ് ട്രൂപ്പ്.