s

ആലപ്പുഴ നഗരത്തിന്റെ മുഖം മാറ്റും

ആലപ്പുഴ: കെ.എസ്.ആർ.ടി.സി മൊബിലിറ്റി ഹബ് വരുന്നതോടെ ആലപ്പുഴയുടെ ഗതാഗത പുനഃസംവിധാനം പൂർണതയിലെത്തുമെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ കിഫ്ബി സഹായത്തോടെ 129 കോടി രൂപ മുതൽ മുടക്കി നിർമ്മിക്കുന്ന ആലപ്പുഴ മൊബിലിറ്റി ഹബിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ മന്ത്രി ജി.സുധാകരൻ അദ്ധ്യക്ഷത വഹിച്ചും. മൊബിലിറ്റി ഹബ്ബ് വഴി ആലപ്പുഴയുടെ പരമ്പരാഗത സംസ്‌കാരം നിലനിർത്തിയുള്ള പുതുക്കിപ്പണിയാണ് നടക്കുന്നതെന്നും അശാസ്ത്രീയമായ നിർമാണരീതി ഈ സർക്കാർ പാടേ ഉപേക്ഷിച്ചെന്നും അദേഹം പറഞ്ഞു. ജലാശയത്തിന് അഭിമുഖമായി ഹബ് പൂർത്തിയാകുമ്പോൾ അത് ആലപ്പുഴയ്ക്ക് ആധുനിക മുഖം നൽകും. ഇൻകെൽ ലിമിറ്റഡിനാണ് നിർമാണ ചുമതല. തൃശൂർ ഗവ.എൻജിനീയറിംഗ് കോളജിലെ ആർക്കിടെക്ട് പ്രൊഫ.ഡോ.ജോസ്‌ന റാഫേലാണ് ഡിസൈൻ തയ്യാറാക്കിയത്. മൂന്നുഘട്ടങ്ങളായാണ് ആലപ്പുഴ മൊബിലിറ്റി ഹബ് നിർമാണം പൂർത്തിയാകുക. ബസ് ടെർമിനലിന്റെ നിർമ്മാണം പൂർത്തിയാകുന്നത് വിനോദസഞ്ചാര മേഖലയ്ക്ക് ഏറെ മുതൽക്കൂട്ടാകുമെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. അഡ്വ. എ.എം. ആരിഫ് എം.പി., നഗരസഭാധ്യക്ഷ സൗമ്യ രാജ്,കെ.എസ്.ആർ.ടി.സി. എം.ഡി. ബിജു പ്രഭാകർ,നഗരസഭാംഗം എം.ജി. സതീദേവി, എ.ടി.ഒ വി. അശോക് കുമാർ, സെൻട്രൽ സോൺ നോഡൽ ഓഫീസർ വി.എം. താജുദ്ദീൻ സാഹിബ്, ട്രേഡ് യൂണിയൻ പ്രതിനിധികളായ പി.ആർ. അജിത്കുമാർ, എ. ചന്ദ്രൻ, കെ.എസ്. രണദേവ് എന്നിവർ സംസാരിച്ചു.

........

 താഴത്തെ നില

താഴത്തെ നിലയിൽ ഒരു കഫറ്റീരിയ, എ / സി, നോൺ എ / സി വെയിറ്റിംഗ് ലോഞ്ചുകൾ, പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേകം ടോയ്ലറ്റുകൾ, ഇൻഫർമേഷൻ ഡെസ്‌ക്, വെയിറ്റിംഗ് ഏരിയ എന്നിവയുണ്ട്.

 ഒന്നാം നിലയിൽ

ഒന്നാം നിലയിൽ 37 ബസുകളുടെ പാർക്കിംഗിന് പ്രത്യേക പ്രവേശനവും എക്‌സിറ്റ് വേയും ഉണ്ട്.

 മറ്റ് നിലകളിൽ

ലിഫ്റ്റുകളും എസ്‌കലേറ്ററുകളും ലംബമായി ബന്ധിപ്പിച്ചിരിക്കുന്ന മൂന്നു നിലകളിലായി 32,628 ചതുരശ്ര അടി വാണിജ്യാവശ്യത്തിന് ഉപയോഗിക്കും. 21 സ്ത്രീകൾക്കും 19 പുരുഷന്മാർക്കും സിംഗിൾ റൂം വാടകയ്ക്കെടുക്കാനുള്ള സൗകര്യവും മുകളിലത്തെ നിലയിലുണ്ടാകും. പ്രത്യേക ഡോർമിറ്ററി സൗകര്യവുമുണ്ടാകും. 4 സ്റ്റാർ ഹോട്ടൽ, വിവിധ പാചക റെസ്റ്റോറന്റുകൾ, സ്യൂട്ട് റൂമുകൾ, ബാർ, സ്വിമ്മിംഗ് പൂൾ, ഹെൽത്ത് ക്ലബ്, മേൽക്കൂരത്തോട്ടം എന്നിവയും പദ്ധതിയുടെ മഭാഗമാകും.

പ്രത്യേക ബ്ലോക്ക്

ടെർമിനലിനടുത്തായി ഒരു പ്രത്യേക ബ്ലോക്ക് നൽകിയിട്ടുണ്ട്. അതിൽ ബസ് വർക്ക്‌ഷോപ്പുകളും ഒരു ഗാരേജും തയ്യാറാക്കും. ഒരു സമയം 9 ബസുകൾ ഉൾക്കൊള്ളാൻ കഴിയും. കൂടാതെ മെയിന്റനൻസ് ചേമ്പറുമൊത്തുള്ള ബേസ് ഉണ്ടാകും.