
കുടുംബശ്രീ കരുത്തിൽ ഭക്ഷണശാലകൾ മുന്നോട്ട്
ആലപ്പുഴ : വിശപ്പുരഹിത കേരളം ലക്ഷ്യമിട്ട് തുടക്കമിട്ട ജനകീയ ഹോട്ടലുകൾ കുടുംബശ്രീയുടെ കരുത്തിൽ വിജയത്തിലേക്ക്. കൊവിഡ് കാലത്തും തളരാതെ പ്രവർത്തിച്ച ഭക്ഷണശാലകൾ സാധാരണക്കാർക്ക് വലിയ ആശ്വാസമാണ് പകരുന്നത്.
കഴിഞ്ഞ വർഷത്തെ ബഡ്ജറ്റിലാണ് 20 രൂപയ്ക്ക് ഭക്ഷണം നൽകുന്ന 1000 ജനകീയ ഹോട്ടലുകൾ എന്ന ആശയം സംസ്ഥാന സർക്കാർ മുന്നോട്ടുവച്ചത്. തുടർന്ന് കൊവിഡ് പാക്കേജിൽ ഇത് ഉൾപ്പെടുത്തുകയും ചെയ്തു. പദ്ധതിയിലൂടെ തുച്ഛവിലയിൽ ഗുണനിലവാരമുള്ള ഭക്ഷണം നൽകാൻ കുടുംബശ്രീക്കായി. നിർദ്ധനർക്ക് സൗജന്യമായും ഭക്ഷണം നൽകുന്നുണ്ട്. കൊവിഡ് ഭീഷണിയെത്തുടർന്ന് പാഴ്സൽ സമ്പ്രദായത്തിലായിരുന്നു ഭക്ഷണശാലകളുടെ പ്രവർത്തനം. ആലപ്പുഴ നഗരത്തിലാണ് ഈ സംരംഭത്തിന് തുടക്കമിട്ടത്.
ജില്ലയിൽ 60 ജനകീയ ഭക്ഷണശാലകളാണ് പ്രവർത്തിക്കുന്നത്. കുടുംബശ്രീ അംഗങ്ങൾക്ക് ഒരു വരുമാനമാർഗം കൂടിയായ ഈ ഭക്ഷണശാലകളിൽ ആകെ 248പേരാണ് ജോലിചെയ്യുന്നത്. പഞ്ചായത്തുകളും നഗരസഭകളും സഹായവും പിന്തുണയുമായി കൂടെയുണ്ട്. സിവിൽ സപ്ലൈസ് വകുപ്പ് ജനകീയ ഊണിനുള്ള അരി കിലോഗ്രാമിന് 10. 90 രൂപയ്ക്ക് റേഷൻ കടയിൽനിന്ന് നൽകും.
ജില്ലയിൽ ജനകീയ ഭക്ഷണശാലകൾ : 60
ഇവിടങ്ങളിൽ ജോലി ചെയ്യുന്നവർ : 248
ചുക്കാൻ കുടുംബശ്രീയ്ക്ക്
ജില്ലാ മിഷൻ കോ-ഓർഡിനേറ്റർമാരുടെ നേതൃത്വത്തിൽ ജില്ലാ ടീമും സി.ഡി.എസ് ചെയർപേഴ്‌സൺമാരുടെ നേതൃത്വത്തിൽ അയൽക്കൂട്ടാംഗങ്ങളും തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഭക്ഷണശാലകളുടെ പ്രവർത്തനം നടത്തുന്നത്. ദിവസേന കുറഞ്ഞത് 100 ഓളം പേർ ഒരു ഹോട്ടലിൽ നിന്ന് 20 രൂപയുടെ ഉച്ചഭക്ഷണം കഴിക്കുന്നുണ്ട്. നഗരസഭയിൽ പ്രവർത്തിക്കുന്ന ഭക്ഷണശാലയിൽ പ്രഭാതഭക്ഷണവും വൈകുന്നേര പലഹാരവും ലഭ്യമാക്കുന്നുണ്ട്. പഞ്ചായത്തുകളിൽ ഉച്ചഭക്ഷണം മാത്രമാണ് വിതരണം ചെയ്യുന്നത്.
പാഴ്സലിന് 25 രൂപ
രാവിലെ പത്തു മുതൽ വൈകിട്ട് നാലു വരെയാണ് നിലവിലെ പ്രവർത്തന സമയം. ഉച്ചയ്ക്ക് 12 മുതൽ മൂന്ന് വരെ 20 രൂപയ്ക്ക് ഊണ് ലഭിക്കും. പാഴ്‌സലായി നൽകുന്നതിന് 25 രൂപയാണ് നിരക്ക്. മീൻ, ഇറച്ചി, കപ്പ ഉൾപ്പെടെയുള്ള വിഭവങ്ങളും കുറഞ്ഞ നിരക്കിൽ ലഭിക്കും. പണം നൽകി ഭക്ഷണം വാങ്ങാൻ കഴിവില്ലാത്തവർക്കായി സൗജന്യ കൂപ്പണുകളും ലഭ്യമാക്കിയിട്ടുണ്ട്. 4 -5 കുടുംബശ്രീ പ്രവർത്തകരാണ് ഒരു ഹോട്ടലിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
സബ്സിഡി
ഊണിന് യഥാർത്ഥവില 30 രൂപയാണ്. ഇതിൽ കുടുംബശ്രീ മിഷൻ ഒരു ഊണിന് 10 രൂപ വീതം സബ്സിഡി നൽകി ജനങ്ങൾക്ക് 20 രൂപയ്ക്ക് ലഭ്യമാകും . കുടുംബശ്രീയുടെ റിവോൾവിംഗ് ഫണ്ടിൽ നിന്ന് സംരംഭം തുടങ്ങാൻ പരമാവധി 50000 രൂപ അനുവദിക്കും.
ഷെയർ മീൽസ്
പണം കൈയിലില്ലാത്തവർക്കും ജനകീയ ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാൻ അവസരമുണ്ട്. ഷെയർ മീൽസ് എന്ന ആശയം വഴിയാണിത്. ഭക്ഷണം കഴിക്കാൻ വരുന്നവർക്ക് നിർദ്ധനർക്കായി ഷെയർ മീൽസ് വഴി ഭക്ഷണം സ്പോൺസർ ചെയ്യാം. അതിനുള്ള തുക അടച്ച് ടോക്കൺ എടുക്കണം. കൈയിൽ പണമില്ലാത്തവർ എത്തുമ്പോൾ ഈ ടോക്കണുകൾ നൽകി സൗജന്യമായി ഭക്ഷണം നൽകും.
'' ജില്ലയിൽ മികച്ച രീതിയിലാണ് ജനകീയ ഭക്ഷണശാലകളുടെ പ്രവർത്തനം. കുടുംബശ്രീയുടെ അംഗങ്ങൾക്ക് ഒരുവരുമാനമാർഗം കൂടയാണിത്. നഗരസഭയുടെയും പഞ്ചായത്തുകളുടെയും പൂർണ പിന്തുണയുണ്ട്.
റിൻസ്,കുടുംബശ്രീ പ്രോഗ്രാം ഓഫീസർ