s

ഉണർവില്ലാതെ പടക്ക നിർമ്മാണശാലകൾ

ആലപ്പുഴ : ഈ ഉത്സവസീസണും കൊവിഡ് കവരുമോ എന്ന ആശങ്ക നിലനിൽക്കെ, ഉണർവില്ലാതെ ജില്ലയിലെ പടക്ക നിർമ്മാണ മേഖല. കൊവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് തിരക്കൊഴിഞ്ഞ ഉത്സവരാവുകളിൽ കരിമരുന്ന് പ്രയോഗം വേണ്ടെന്നാണ് പല ഉത്സവകമ്മിറ്റികളുടെയും തീരുമാനം. ആഘോഷങ്ങൾ പടിയിറങ്ങിയതോടെ പടക്കനിർമ്മാണ മേഖലയിൽ നൂറുകണക്കിന് തൊഴിലാളികൾക്കാണ് തൊഴിൽ നഷ്ടമുണ്ടായത്. ജില്ലയിൽ തുറവൂർ, ചേർത്തല, പാതിരാപ്പള്ളി, കുട്ടനാട്, മുട്ടം, ചേപ്പാട് എന്നിവടങ്ങളിൽ ചെറുതും വലുതുമായ നിരവധി പടക്കശാലകളാണ് പ്രവർത്തിക്കുന്നത്.

സാധാരണ ഉത്സവ സീസണുകളിൽ ലക്ഷങ്ങളുടെ വ്യാപാരം ഇവിടങ്ങളിൽ നടന്നിരുന്നു. എന്നാൽ, കൊവിഡ് വ്യാപനത്തോടെ പടക്ക വിപണി നാമാവശേഷമാകുകയായിരുന്നു. കഴിഞ്ഞ വർഷം ഉത്സവസീസണിലാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഇതോടെ ഓർഡറനുസരിച്ച് തയാറാക്കുകയും ഇറക്കുമതി ചെയ്യുകയും ചെയ്ത ലക്ഷക്കണക്കിന് രൂപയുടെ പടക്കങ്ങൾ നശിച്ചു പോയി. ഓരോരുത്തർക്കും ഏകദേശം പത്തു ലക്ഷം രൂപയുടെ വീതം നഷ്ടമുണ്ടായതായി ചെറുകിട വ്യാപാരികൾ പറയുന്നു.

ജില്ലയിലെ ചെറുകിട പടക്ക നിർമ്മാണശാലകളിൽ ഓലപ്പടക്കം,അമിട്ട്, ഗുണ്ട് തുടങ്ങിയ നാടൻ ഇനങ്ങളാണ് നിർമിക്കുന്നത്. വർണശബളമായ ഇനങ്ങൾ കൂടുതലും ശിവകാശിയിൽ നിന്നും തെങ്കാശിയിൽ നിന്നുമാണ് എത്തുന്നത്. പുതുവർഷരാവിൽ പേരിന് മാത്രം നടന്ന കച്ചവടവും, ഏതാനും പള്ളികളിൽ നിന്ന് റാസയോടനുബന്ധിച്ച് ലഭിച്ച ചെറിയ ഓർഡറുകളുമാണ് ഇക്കാലത്തുണ്ടായ ഏക ആശ്വാസം.

ഭീമമായ നഷ്ടം

ജില്ലയിൽ ചെറുതും വലുതുമായ അഞ്ഞൂറോളം പടക്ക നിർമ്മാണശാലകളാണുള്ളത്. ഇവയിൽ 200ൽ താഴെ എണ്ണത്തിന് മാത്രമേ ലൈസൻസുള്ളു. മാനദണ്ഡങ്ങൾ പാലിക്കാത്തവ ലൈസൻസ് പുതുക്കിയിട്ടില്ല. ഇത്തരത്തിൽ പ്രവർത്തിച്ച പുളിങ്കുന്നിലെ പടക്കനിർമ്മാണ ശാലയിലാണ് കഴിഞ്ഞ മാർച്ചിൽ അപകടമുണ്ടായത്. ഓ‌‌ർഡറുകളും ഉത്പാദനവും നിലച്ചതോടെ മേഖലയെ ആശ്രയിച്ചിരുന്ന നൂറുകണക്കിന് തൊഴിലാളികൾക്കാണ് ജോലി നഷ്ടമായത്.

ഗാർഹിക യൂണിറ്റുകൾ

വീടുകൾ കേന്ദ്രീകരിച്ചാണ് ജില്ലയിൽ ഭൂരിഭാഗം പടക്ക നിർമാണ ശാലകളുടെയും പ്രവർത്തനം. വീട്ടമ്മമാരടക്കമാണ് ഇത്തരം ചെറുകിട യൂണിറ്റുകളിൽ ജോലി ചെയ്യുന്നത്. സീസണിനെ മാത്രം ആശ്രയിച്ച് നിലനിൽക്കുന്ന വ്യവസായമാണ് പടക്ക നിർമാണം.

ലൈസൻസ് ലഭിക്കാൻ

ജനസാന്ദ്രത കുറവുള്ള മേഖലയിൽ ഉറപ്പുള്ള കോൺക്രീറ്റ് കെട്ടിടത്തിൽ വേണം പടക്ക നിർമാണ കേന്ദ്രങ്ങൾ പ്രവർത്തിക്കാൻ. പൊലീസ്, ഫയർഫോഴ്സ്, തഹസീൽദാർ, എയർഫോഴ്സ്മെന്റ് തുടങ്ങിയ വകുപ്പുകളുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടറാണ് ലൈസൻസ് അനുവദിക്കുന്നത്.

ആവശ്യക്കാരില്ലാത്തതിനാൽ ഈ വർഷം പടക്കനിർമ്മാണം നടത്തുന്നില്ല. ലഭിക്കുന്ന ഓർഡറിനനുസരിച്ച് സാധനം നിർമിക്കുകയാണ് പതിവ്. കഴിഞ്ഞവർഷം ഇത്തരത്തിൽ തയ്യാറാക്കിയ ലക്ഷങ്ങളുടെ പടക്കം എടുക്കാൻ ആളില്ലാതെ നശിച്ചു. ഇപ്രാവശ്യം ആവശ്യക്കാർ എത്താത്തതിനാൽ നി‌ർമാണം ആരംഭിച്ചില്ല

- പടക്ക വ്യാപാരി, മുട്ടം