
സാന്ത്വന സ്പർശത്തിന് ജില്ലയിൽ തുടക്കം
ആലപ്പുഴ: ജനങ്ങളുടെ പരാതികൾക്ക് വേഗം തീർപ്പ് കൽപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മന്ത്രിസഭ തീരുമാനപ്രകാരം നടത്തുന്ന 'സാന്ത്വനസ്പർശം' പരാതി പരിഹാര അദാലത്തിന് ജില്ലയിൽ തുടക്കം. ഇന്നലെ അമ്പലപ്പുഴ, ചേർത്തല താലൂക്കുകൾക്കായി ആലപ്പുഴ ലജ്‌നത്തുൽ സ്‌കൂളിൽ സംഘടിപ്പിച്ച അദാലത്തിൽ മന്ത്രിമാരായ ജി.സുധാകരൻ, ഡോ. ടി.എം.തോമസ് ഐസക്, പി.തിലോത്തമൻ എന്നിവരാണ് പരാതികൾ തീർപ്പാക്കിയത്.
ഓൺലൈൻ ഉൾപ്പെടെ അദാലത്തിൽ 9,466 അപേക്ഷകൾ ലഭിച്ചതായി അദ്ധ്യക്ഷത വഹിച്ച മന്ത്രി ജി.സുധാകരൻ പറഞ്ഞു. നേരിട്ട് ഹാജരാകുന്നവരുടെ അപേക്ഷകളും പരിഗണിക്കുന്നുണ്ട്. കൂടുതൽ പരിശോധന വേണ്ട പരാതികൾ എത്രയും പെട്ടെന്ന് തീർപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിലായി മാത്രം ഓൺലൈനായി 3,166 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 25,000 രൂപ വരെ അനുവദിക്കാൻ മന്ത്രിമാർക്ക് പ്രത്യേക അധികാരം നൽകിയിട്ടുണ്ട്. ആദ്യം പരിഗണിച്ചത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷകളായിരുന്നു. ഈ തുകയ്ക്ക് മുകളിൽ അർഹതയുള്ള അപേക്ഷകൾ ശുപാർശ പ്രകാരം സെക്രട്ടേറിയറ്റിലേക്ക് അയയ്ക്കും. എത്രയും പെട്ടെന്ന് ഇതിൽ തീരുമാനമെടുക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ശേഷിക്കുന്ന പരാതികൾ നേരിട്ട് കേട്ട് വേഗം തീരുമാനം എടുക്കുമെന്ന് മന്ത്രി പി.തിലോത്തമൻ പറഞ്ഞു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 503 കോടിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നു ആകെ ചെലവഴിച്ചതെന്നും ഈ സർക്കാർ ഇന്നലെ വരെ 1703 കോടി രൂപ ദുരിതാശ്വാസ നിധിയിൽ നിന്ന് ചെലവഴിച്ചെന്നും മന്ത്രി തോമസ് ഐസക് പറഞ്ഞു. സംസ്ഥാനത്തെ സാന്ത്വന സ്പർശം അദാലത്തുകൾ പൂർത്തിയാകുമ്പോൾ അത് 2000 കോടിയെങ്കിലുമാകുമെന്നും തോമസ് ഐസക് പറഞ്ഞു.
രാവിലെ 10ന് അദാലത്ത് ആരംഭിച്ചു. മന്ത്രിമാരെ കൂടാതെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, കളക്ടർ എ.അലക്‌സാണ്ടർ, ആലപ്പുഴ നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജ്, പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ്‌കുമാർ സിൻഹ, അഡിഷണൽ ജില്ല മജിസ്‌ട്രേറ്റ് അലക്‌സ് ജോസഫ്, അമ്പലപ്പുഴ തഹസിൽദാർ പ്രീത പ്രതാപൻ, ചേർത്തല തഹസിൽദാർ ആർ.ഉഷ, വിവിധ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ഇന്ന് എടത്വയിൽ
ഇന്ന് രാവിലെ 10ന് കുട്ടനാട്, ചെങ്ങന്നൂർ താലൂക്കുകളിലെ അദാലത്ത് എടത്വ സെന്റ് അലോഷ്യസ് കോളേജിലും നാലിന് മാവേലിക്കര,കാർത്തികപ്പള്ളി താലൂക്കുകളിലെ അദാലത്ത് മാവേലിക്കര ബിഷപ്പ് ഹോഡ്ജസ് ഹയർസെക്കൻഡറി സ്‌കൂളിലും നടക്കും. രണ്ടാം ദിവസത്തെ അദാലത്തിലും മന്ത്രിമാരായ ജി.സുധാകരൻ, ഡോ. ടി.എം.തോമസ് ഐസക്, പി.തിലോത്തമൻ എന്നിവർ പങ്കെടുക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി, സജി ചെറിയാൻ എം.എൽ.എ എന്നിവരും ഉണ്ടാകും. കൊവിഡ് പ്രോട്ടോകോൾ ഉറപ്പാക്കാൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.