photo

ആലപ്പുഴ: സാന്ത്വന സ്പർശം അദാലത്തിൽ പങ്കെടുത്ത, കാൻസർ രോഗിയായ ആലപ്പുഴ സ്വദേശിനി സീനിയയുടെ അപേക്ഷയിൽ ഉടനടി തീർപ്പ്. നാലുവർഷമായി കാൻസർ ബാധിതയായ സീനിയയ്ക്ക് ചികിത്സ സഹായമാവശ്യപ്പെട്ട് ഭർത്താവ് സിബിയാണ് അപേക്ഷയുമായെത്തിയത്. മുഖ്യമന്ത്രിയുടെ ചികത്സാ സഹായ ഫണ്ടിൽ നിന്നു 25,000 രൂപ ഉടനടി അനുവദിച്ചു. മന്ത്രി ജി.സുധാകരനാണ് തുക കൈമാറിയത്.

2018ലാണ് സീനിയക്ക് രോഗം സ്ഥിരീകരിച്ചത്. ഒരു മാസം ഗുളികൾക്ക് മാത്രമായി പതിനായിരത്തിലേറെ രൂപയാണ് ചെലവ്. രണ്ട് പെൺകുട്ടികളാണുള്ളത്. ഓട്ടോ തൊഴിലാളിയായ സിബിയുടെ തുച്ഛമായ വേതനത്തിൽ കഴിഞ്ഞിരുന്ന കുടുംബം ചികിത്സ മൂലം പ്രതിസന്ധിയിലായിരുന്നു. കൊവിഡ് കൂടി എത്തിയതോടെ അവസ്ഥ മോശമായപ്പോഴാണ് അപേക്ഷയുമായി അദാലത്തിൽ എത്തിയത്. ആലപ്പുഴ മെഡി. ആശുപത്രിയിലാണ് സീനിയയുടെ ചികിത്സ നടക്കുന്നത്.

എസ്.എസ്.എൽ.സി ബുക്ക് ഏറ്റുവാങ്ങി ബിജിമോൾ

ആലപ്പുഴ: കഴിഞ്ഞ പ്രളയത്തിൽ ചേന്നങ്കരി സ്വദേശി ബിജിമോൾക്ക് നഷ്ടപ്പെട്ട എസ്.എസ്.എൽ.സി ബുക്ക് സാന്ത്വന സ്പർശത്തിലൂടെ തിരികെ ലഭിച്ചു. 2018ലെ പ്രളയത്തിലാണ് കൈനകരി പഞ്ചായത്ത് ചേന്നങ്കരി സ്വദേശിയായ ബിജിമോളുടെ എസ്.എസ്.എൽ.സി ബുക്ക് നഷ്ടപ്പെട്ടത്. സാന്ത്വന സ്പർശം അദാലത്തിൽ അപേക്ഷ സമർപ്പിച്ചതിനെ തുടർന്നാണ് ബുക്ക് നൽകാൻ നടപടിയായത്. മന്ത്രി ഡോ.ടി.എം.തോമസ് ഐസക്കിൽ നിന്ന് ബിജിമോൾ ബുക്ക് ഏറ്റുവാങ്ങി. അക്ഷയ കേന്ദ്രം വഴി ഓൺലൈനയാണ് അപേക്ഷ നൽകിയത്.