
ആലപ്പുഴ: ഭർത്താവിനു പിന്നാലെ ഇളയ മകളെയും നഷ്ടപ്പെട്ട മാരാരിക്കുളം സ്വദേശിയായ ഷൈലമ്മയുടെ തീരാവേദനയ്ക്ക് മന്ത്രിമാരുടെ സാന്ത്വന സ്പർശം പകർന്നത് ചെറുതല്ലാത്ത ആശ്വാസം. ആശ്രയമറ്റവർക്കുള്ള അന്ത്യോദയ അന്നയോജന (എ.എ.വൈ) റേഷൻ കാർഡിനുവേണ്ടി ഷൈലമ്മ ഏറെനാളായി പരിശ്രമത്തിലായിരുന്നു. ഇന്നലെ ആലപ്പുഴ ലജനത്തുൽ സ്കൂളിൽ നടന്ന സാന്ത്വന സ്പർശം പരിപാടിയിൽ പങ്കെടുത്ത ഷൈലമ്മയ്ക്ക് ഭക്ഷ്യവകുപ്പ് മന്ത്രി പി. തിലോത്തമൻ എ.എ.വൈ കാർഡ് നേരിട്ടു നൽകി. ഇനി മാസം 30 കിലോ അരി, 5 കിലോ ഗോതമ്പ്, ഒരു കിലോ പഞ്ചസാര, അര ലിറ്റർ മണ്ണെണ്ണ എന്നിവ സൗജന്യമായി ലഭിക്കും.
ഒൻപത് വർഷം മുൻപ് കാൻസർ ബാധിച്ചാണ് ഭർത്താവ് തുളസീധരൻ മരിച്ചത്. പിന്നീട് ഏറെ ബുദ്ധിമുട്ടുകൾ നിറഞ്ഞ ജീവിത സാഹചര്യങ്ങളിലൂടെ നീങ്ങുന്നതിനിടെയാണ് സഹായങ്ങൾ നൽകിവന്നിരുന്ന ഇളയ മകൾ ശ്രുതി പ്രസവത്തെ തുടർന്ന് മരിച്ചത്. തുടർന്ന് തീർത്തും ഒറ്റപ്പെട്ടപ്പോഴാണ് റേഷൻ കാർഡ് എ.എ.വൈ വിഭാഗത്തിലേക്ക് മാറ്റാൻ സർക്കാരിൽ അപേക്ഷ നൽകിയത്. ഈ ആവശ്യത്തിനാണ് മുഖ്യമന്ത്രിയുടെ സാന്ത്വന സ്പർശം പരിപാടിയിലൂടെ പരിഹാരമായത്. ശ്രുതിയുടെ ആറു വയസുള്ള മകൻ സിദ്ധാർത്ഥയ്ക്കൊപ്പം എത്തിയാണ് ഷൈലമ്മ കാർഡ് വാങ്ങിയത്.
ജില്ലയിൽ നിന്ന് 172 അപേക്ഷകളാണ് രണ്ട് താലൂക്കുകളിൽ നിന്നു റേഷൻ കാർഡ് തരം മാറ്റത്തിനായി ലഭിച്ചത്. ഇതിൽ ഭൂരിപക്ഷം അപേക്ഷകളും നിലവിൽ നടപടിക്രമങ്ങളുടെ അവസാന ഘട്ടത്തിൽ ഉൾപ്പെടുന്നതാണെന്ന് കണ്ടെത്തി. തുടർ നടപടികൾ ഉടൻ പൂർത്തിയാകും. കൊമ്മാടി മാടയിൽ വീട്ടിൽ റെയ്ച്ചൽ, പുന്നപ്ര വടക്ക് കാർത്തികയിൽ സ്മിത, വടക്കൻ ആര്യാട് മണ്ണെഴത്ത് വെളി ഓമന എന്നിവർക്കും റേഷൻ കാർഡ് തയ്യാറാക്കി നൽകി.
സരളയ്ക്കും കുടുംബത്തിനും ലൈഫ്
ആലപ്പുഴ: ചേർത്തല നഗരസഭയിലെ പുറമ്പോക്ക് ഭൂമിയിൽ നിന്ന് അദാലത്തിൽ അപേക്ഷയുമായെത്തിയ സരളയ്ക്ക് ലൈഫ് പദ്ധതിയിൽ വീടുയരും. ഇപ്പോൾ താമസിക്കുന്ന ഭൂമിയിൽ വീട് വെയ്ക്കാൻ ലൈഫ് പദ്ധതിയിൽ നൽകിയ അപേക്ഷകൾ വിവിധ കാരണങ്ങൾ നിരത്തി നിരസിക്കുന്നു എന്നായിരുന്നു പരാതി.
ഭർത്താവ് ശശിധരന്റെ പേരിൽ പട്ടികജാതി വിഭാഗത്തിൽപ്പെടുത്തി ലൈഫ് പദ്ധതിയിൽ അപേക്ഷിച്ചെങ്കിലും ആ കാലയളവിൽ ശശിധരൻ മരിച്ചതോടെ അർഹത ലിസ്റ്റിൽ നിന്നു പുറത്തായി. സാന്ത്വന സ്പർശം അദാലത്തിൽ എത്തിയ സരളയെ അർഹത ലിസ്റ്റിൽ നിന്നു ഒഴിവാക്കിയിട്ടില്ലെന്നും കൈവശ രേഖയുള്ള വസ്തുവായതിനാൽ ലൈഫ് പദ്ധതിപ്രകാരം വീട് ലഭിക്കാൻ വേണ്ട ധനസഹായത്തിനായി പട്ടികജാതി വികസന വകുപ്പ് ഡയറക്ടറുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് അദാലത്തിൽ ഉറപ്പു ലഭിച്ചു. പട്ടികജാതി വികസന വകുപ്പിന് ഏഴ് പരാതികളാണ് സാന്ത്വന സ്പർശം അദാലത്തിൽ ലഭിച്ചത്.