അരൂർ: സഹകരണ വകുപ്പിന്റെ സുഭിക്ഷ കേരളം പദ്ധതി പ്രകാരം തരിശുനിലങ്ങളിൽ പൂർണ്ണമായും കൃഷി നടത്തുവാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ തയ്യാറാകണമെന്ന് എസ്.സി ആൻഡ് എസ്. ടി കോ- ഓപ്പറേറ്റീവ് ക്ലസ്റ്റർ ആവശ്യപ്പെട്ടു. കൃഷി, തദ്ദേശ സ്വയംഭരണം, ജലസേചനം, വൈദ്യുതി, മൃഗസംരക്ഷണം, സഹകരണം എന്നീ വകുപ്പുകളുടെ സഹകരണത്തോടെ സുഭിക്ഷ കേരളം പദ്ധതി നടപ്പിലാക്കുന്നതിനാണ് സർക്കാർ നിർദ്ദേശം നൽകിയിട്ടുള്ളത്. പഞ്ചായത്തുകൾ ഇക്കാര്യം വാർഷിക പദ്ധതിയിലുൾപ്പെടുത്തണം. എംപ്ലോയ്മെന്റ് എക്സേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിൽ രഹിതരെ ഉൾപ്പെടുത്തി ലേബർ ബാങ്ക് രൂപീകരിച്ച് തൊഴിലാളികളെ ഈ മേഖലയിലെ പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്തുവാൻ കഴിയുമെന്ന് കൺവീനർ ദിവാകരൻ കല്ലുങ്കൽ പറഞ്ഞു. പദ്ധതി നിർദ്ദേശങ്ങൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് ഫെബ്രുവരി 10 ന് സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു..