 കുടുക്കുന്നത് ചലച്ചിത്ര താരങ്ങളുടെ പേരിൽ

ആലപ്പുഴ: സമൂഹ മാദ്ധ്യമങ്ങളിൽ നടീനടൻമാരുടെ പേരിലുള്ള 'ആരാധക പേജി'ൽ (ഫാൻ പേജ്) അംഗമാക്കാമെന്ന് വാഗ്ദാനം ചെയ്ത് കെണിയിൽ വീഴ്ത്തി പെൺകുട്ടികളെ ചൂഷണം ചെയ്യുന്ന സംഘങ്ങൾ വർദ്ധിക്കുന്നു. ജാഗ്രത കാട്ടിയില്ലെങ്കിൽ പണവും മാനവും നഷ്ടമാകുമെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്.

പഠനം ഓൺലൈനായതോടെ കുട്ടികൾക്ക് സ്വന്തമായി സ്മാർട്ട് ഫോൺ വാങ്ങി നൽകിയ മാതാപിതാക്കൾ ഇതോടെ ആശങ്കയിലാണ്. സൗഹൃദം പ്രണയമാകുന്നതോടെ നഗ്നചിത്രങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തൽ ആരംഭിക്കും. ഈ കെണിക്കൂട്ടിലെ ഒരു കൗമാരക്കാരൻ തൃശൂർ സൈബർ സെല്ലിന്റെ പിടിയിലായിരുന്നു. പ്രായപൂർത്തിയാകാത്ത കൊല്ലം സ്വദേശിയാണ് പിടിയിലായത്. ജില്ലയിൽ ഇത്തരം സംഭവങ്ങളുണ്ടായാൽ ഉടൻ പൊലീസ് അധികൃതരെ അറിയിക്കണമെന്നാണ് നിർദ്ദേശം.

ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, ടെലിഗ്രാം, വാട്‌സാപ് തുടങ്ങിയ സമൂഹ മാദ്ധ്യമങ്ങളിൽ സജീവമായ പെൺകുട്ടികളെ 'നിരീക്ഷിച്ചു' കണ്ടെത്തിയാണ് ചതിക്കുഴിയിൽ വീഴ്ത്തുന്നത്. ഇവരെ വിവിധ നടീനടന്മാരുടെ ആരാധകക്കൂട്ടായ്മകളിൽ അംഗമാകാൻ ക്ഷണിക്കും. സൗഹൃദം സ്ഥാപിച്ച് ഫോട്ടോ അയച്ചു നൽകാൻ പ്രേരിപ്പിക്കും. സൗഹൃദ വലയിൽ അകപ്പെട്ട ശേഷം സ്വകാര്യ ചിത്രങ്ങൾ അയച്ചു നൽകാൻ വിസമ്മതിച്ചാൽ മറ്റു ചിത്രങ്ങൾ മോർഫ് ചെയ്തു ഭീഷണിപ്പെടുത്തും. പിടിയിലായ കൗമാരക്കാരനിൽ നിന്ന് നിരവധി പെൺകുട്ടികളുടെ ചിത്രങ്ങൾ കണ്ടെടുത്തിരുന്നു. എന്നാൽ ജില്ലയിൽ ഇതുവരെ ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടില്ലെങ്കിലും കുട്ടികളുടെ മേൽ ശ്രദ്ധ വേണമെന്നാണ് പൊലീസ് പറയുന്നത്.

# ശ്രദ്ധിക്കേണ്ടവ

 ഓൺലൈൻ പഠനത്തിനു കുട്ടികൾക്കു നൽകിയിട്ടുള്ള മൊബൈൽ ഫോണും ലാപ്‌ടോപും കമ്പ്യൂട്ടറും അവർ പഠനാവശ്യങ്ങൾക്കു മാത്രം ഉപയോഗിക്കുന്നു എന്നുറപ്പാക്കുക


 അമിത സമൂഹമാദ്ധ്യമ ഉപയോഗം വിലക്കണം


 ഇന്റർനെറ്റിൽ സ്വകാര്യ ചിത്രങ്ങൾ പങ്കുവയ്ക്കപ്പെട്ടാൽ അവ തിരിച്ചെടുക്കാനോ പൂർണമായി മായ്ക്കാനോ സാദ്ധ്യമല്ല


 കുട്ടികൾ സമൂഹമാദ്ധ്യമങ്ങളിലൂടെ ആരോടൊക്കെ ഇടപെടുന്നു എന്നു രക്ഷിതാക്കൾ അറിഞ്ഞിരിക്കണം


 കുട്ടികളെ സഹായിക്കാൻ പൊലീസിന്റെ സേവനം ഉറപ്പാണ്. പ്രത്യേക കൗൺസിലിംഗുമുണ്ട്

......................

ജില്ലയിൽ ഇതുവരെ കുട്ടികൾ ഈ കെണിയിൽ പെട്ടിട്ടില്ല. എങ്കിലും പഠനത്തിനുള്ള സ്മാർട്ട് ഫോണിൽ കുട്ടികൾ സമൂഹമാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തണം. ഇടയ്ക്ക് പരിശോധിക്കുന്നതും നല്ലതാണ്

(പൊലീസ് അധികൃതർ)