
ആലപ്പുഴ: ലജ്നത്തുൽ സ്‌കൂളിൽ സംഘടിപ്പിച്ച സാന്ത്വന സ്പർശം പരാതി പരിഹാര അദാലത്തിൽ അർഹർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് മൂന്നുകോടി അഞ്ചുലക്ഷത്തിനാൽപ്പത്തി രണ്ടായിരം രൂപ അനുവദിച്ചതായി മന്ത്രി ജി.സുധാകരൻ പറഞ്ഞു. സി.എം.ഡി.ആർ.എഫിലേക്ക് വന്ന എല്ലാ അപേക്ഷകളും തീർപ്പാക്കി. 1699 അപേക്ഷകളാണ് അനുവദിച്ചത്. കാൻസർ രോഗികൾ, ഹൃദയ സംബന്ധമായ രോഗങ്ങൾ ഉള്ളവർ,കിഡ്നി രോഗമുള്ളവർ എന്നിവർക്കാണ് തുക ലഭിച്ചത്. ഒരു മണിക്കൂർ കൊണ്ട് മന്ത്രിമാരായ ജി.സുധാകരൻ, ഡോ.തോമസ് ഐസക്, പി.തിലോത്തമൻ എന്നിവർ വേഗത്തിൽ തന്നെ പരിശോധിച്ച് സി.എം.ഡി.ആർ.എഫിലെ എല്ലാ അപേക്ഷകളും തീർപ്പാക്കി. ആദ്യ ദിനത്തിലെ പരാതികളിൽ അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിൽ നിന്നും ഓൺലൈനായും നേരിട്ടും 4839 പരാതികളാണ് ലഭിച്ചത്. വൈകിട്ട് ആറുമണിയോടെയാണ് അദാലത്ത് അവസാനിച്ചത്. ഇടവേളഇല്ലാതെയായിരുന്നു അദാലത്ത് പുരോഗമിച്ചത്.