a

 മുഴുവൻ പ്രതികളെയും പിടികൂടാത്തതിൽ പ്രതിഷേധിച്ചായിരുന്നു റോഡ് ഉപരോധം

മാവേലിക്കര: വിവാഹ സൽക്കാരത്തിനിടയിലുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹവുമായി പ്രതിഷേധം.
സംഭവത്തിൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ബന്ധുക്കളും സുഹൃത്തുക്കളും രണ്ട് മണിക്കൂറോളം തട്ടാരമ്പലത്തിന് സമീപം റോഡ് ഉപരോധിച്ചു. ഇന്നലെ വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം. പത്ത് പേരെ പ്രതി ചേർത്ത് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും നാല് പ്രതികളുടെ അറസ്റ്റ് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തട്ടാരമ്പലം മറ്റം വടക്ക് പനച്ചിത്തറയിൽ രഞ്ജിത് (33) ശനിയാഴ്ച ഉച്ചയോടെയാണ് മരിച്ചത്. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി എത്തിച്ച മൃതദേഹവുമായി നാട്ടുകാർ പ്രതിഷേധം നടത്തിയതോടെ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ഒടുവിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പ്രതിഷേധക്കാരുമായി സംസാരിച്ച് പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാമെന്ന് ഉറപ്പ് നൽകിയശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്. വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് മരിച്ച രഞ്ജിത്തിന്റെ സംസ്‌കാര കർമ്മങ്ങൾ നടന്നത്.

മാവേലിക്കരയിൽ കഴിഞ്ഞ 26 നാണ് സംഘർഷമുണ്ടായത്. വിവാഹ വീടിന്റെ മുൻവശത്ത് കൂടിയുള്ള റോഡിൽ വിവാഹ വീട്ടിലെത്തിയവർ കൂടിനിന്നു മാർഗതടസം സൃഷ്ടിച്ചതുമായി ബന്ധപ്പെട്ട് നാട്ടുകാരുമായുണ്ടായ വാക്കുതർക്കമാണ് സംഘട്ടനത്തിൽ കലാശിച്ചത്. നാട്ടുകാരനായ യുവാവിനെ മർദ്ദിച്ചതറിഞ്ഞ് എത്തിയ രഞ്ജിത്തിനെ ഒരു സംഘം ആക്രമിച്ചു. തലക്ക് പരുക്കേറ്റ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രഞ്ജിത് ശനിയാഴ്ച ഉച്ചയോടെ മരിച്ചു. കൊല്ലം പടപ്പാക്കര എള്ളുവിള അജിത് (19), ചരുവിള അഭിലാഷ് (22), പ്രതിഭ ഭവൻ അഭിൻ (23), മറ്റം വടക്ക് ഹൈ വ്യൂ വീട്ടിൽ നെൽസൺ (54) എന്നിവരെ സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നെൽസന്റെ മകന്റെ വിവാഹ സൽക്കാരവുമായി ബന്ധപ്പെട്ട് കൊല്ലത്ത് നിന്നെത്തിയവരും നാട്ടുകാരും തമ്മിലായിരുന്നു സംഘർഷം.