
ഹരിപ്പാട്: പരസ്യങ്ങൾക്കും മറ്റ് ആർഭാടങ്ങൾക്കും കോടികൾ ധൂർത്തടിക്കുന്ന സർക്കാരിനെ സഹായിക്കാനായി ശമ്പള കമ്മീഷൻ ജീവനക്കാരെ വഞ്ചിച്ചതായി കേരള എൻ.ജി.ഒ.സംഘ് സംസ്ഥാന സമിതിയംഗം ജെ. മഹാദേവൻ ആരോപിച്ചു. എൻ.ജി.ഒ.സംഘ് ഹരിപ്പാട് ബ്രാഞ്ച് സമിതിയുടെ നേതൃത്വത്തിൽ ഹരിപ്പാട് റവന്യൂ ടവ്വറിനു മുൻപിൽ നടന്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ വൈസ് പ്രസിഡന്റ് കെ.ജി.ഉദയകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിലംഗം എൽ.ജയദാസ്, ജില്ലാ ട്രഷറർ ദിലീപ്, ബ്രാഞ്ച് സെക്രട്ടറി ഓമനക്കുട്ടൻ, കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് സംഘ് ജില്ലാ വർക്കിംഗ് പ്രസിഡന്റ് ജെ. അനിൽകുമാർ, ജില്ലാ സെക്രട്ടറി പി.പ്രദീപ്, പത്മകുമാർ എന്നിവർ സംസാരിച്ചു.ടൗണിൽ ജീവനക്കാർ പ്രതിഷേധ പ്രകടനവും നടത്തി. പ്രതിഷേധ സമരത്തിന്റെ സമാപന യോഗം സംസ്ഥാന സെക്രട്ടറി എ.പ്രകാശ് ഉദ്ഘാടനം ചെയ്തു.