photo

ചേർത്തല: കപ്പലിൽ ജോലിക്കിടെ മലയാളി യുവാവ് ചികിത്സ ലഭിക്കാതെ മരി​ച്ചെന്ന പരാതിയുമായി കുടുംബം. ​ചേർത്തല തൈക്കൽ പാല്യത്തയ്യിൽ പി.ജെ. വാവച്ചന്റെ മകൻ എബിൻ പി.വാവച്ചനാണ് (31) ആഫ്രിക്കൻ രാജ്യമായ ഘാനയിൽ കഴിഞ്ഞ 18ന് മരി​ച്ചത്. കപ്പൽ അധികൃതരുടെ അനാസ്ഥയാണ് മരണകാരണമെന്ന് ആരോപിച്ച് കുടുംബം ഇന്ത്യൻ ഷിപ്പിംഗ് ഡയറക്ടർക്ക് പരാതി നൽകി.

സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എക്സിക്യുട്ടിവ് ഷിപ്പ് മാനേജ്‌മെന്റ് സ്ഥാപനത്തിന്റെ മാൾട്ട ഫ്ളാഗ് ലേപ്പറൗസ് ഗ്യാസ് ടാങ്കർ കപ്പലിലാണ് എബി​ൻ ജോലി ചെയ്തിരുന്നത്. കടുത്ത പനിയെ തുടർന്ന് ശബ്ദിക്കാൻ പോലുമാകാതെ എബിൻ അവശനായെന്ന വിവരം കഴിഞ്ഞ 12 മുതൽ കപ്പലിലുള്ള സുഹൃത്തുക്കൾ മുഖാന്തിരം വീട്ടുകാർ അറിയുന്നുണ്ടായിരുന്നു. കമ്പനിയുടെ മുംബയ് ഓഫീസ്, കപ്പൽ അധികൃതർ, ജീവനക്കാരുടെ സംഘടന തുടങ്ങിയവരോട് പരാതി പറഞ്ഞിട്ടും ചികിത്സ നൽകിയില്ലെന്നാണ് ഷിപ്പിംഗ് ഡയറക്ടർക്ക് പിതാവ് റിട്ട.ഗ്രേഡ് എസ്‌.ഐ വാവച്ചൻ നൽകിയ പരാതിയിൽ പറയുന്നത്. ഇന്ത്യൻ വിദേശകാര്യ മന്ത്റാലയം, അന്താരാഷ്ട്ര ഏജൻസി എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്.

തീരത്ത് നിന്ന് 3 മണിക്കൂർ ദൂരത്തായിരുന്നു കപ്പലെന്നും തീരത്ത് അടുപ്പിച്ച് ചികിത്സ നടത്താമായിരുന്നെന്നും ക്യാപ്ടൻ അടക്കമുള്ളവർ മനപ്പൂർവമായ വീഴ്ച വരുത്തിയെന്നും പരാതിയിൽ പറയുന്നു. മെനി​ഞ്ചൈ​റ്റിസാണ് മരണ കാരണമെന്നാണ് പോസ്​റ്റ്‌മോർട്ടം റിപ്പോർട്ട്. എബിൻ കഴിഞ്ഞ ഒക്ടോബറിലാണ് ഈ കപ്പലിൽ പ്രവേശിച്ചത്. കഴിഞ്ഞ 14നാണ് എബിന്റെ ഭാര്യ പ്രസവിച്ചത്. കുഞ്ഞിനെ ഒരുനോക്ക് കാണാനാകാതെയാണ് മരണത്തിനു കീഴടങ്ങിയത്. ഇന്നലെ രാത്രി നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ഇന്ന് 11ന് ആയിരംതൈ ലി​റ്റിൽ ഫ്ളവർ പള്ളി സെമിത്തേരിയിൽ സംസ്കരിക്കും. ഭാര്യ: ഗിഫ്റ്റി (ഇടക്കൊച്ചി അക്വീനാസ് കോളേജ് അദ്ധ്യാപിക).മാതാവ്: റോസ് ദലീമ (ആലപ്പുഴ സെന്റ് ജോസഫ്‌സ് വനിതാ കോളജ് റിട്ട. ജീവനക്കാരി). സഹോദരൻ ജോമോൻ (മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ)