
'കുട്ടിക്കുരങ്ങന്മാരെ കൊണ്ട് ചൂട് ചോറു വാരിക്കുക'യെന്ന ചൊല്ലിന് കാലങ്ങളോളം പഴക്കമുണ്ട്. ഇപ്പോഴും ഈ ചൊല്ല് പ്രസക്തമാണെന്ന് ചില സന്ദർഭങ്ങളിലെങ്കിലും നമുക്കു തോന്നാറുമുണ്ട്. പ്രത്യേകിച്ച് രാഷ്ട്രീയക്കാരുടെ കാര്യത്തിൽ . പരമ്പരാഗതമായി രാഷ്ട്രീയരംഗത്ത് വളരെ സമർത്ഥമായും തന്ത്രപരമായും ഉപയോഗിക്കുന്ന ഒരു പ്രായോഗിക പദ്ധതിയുമാണ് ഇത്. ഇക്കാര്യത്തിൽ ഡോക്ടറേറ്റിനും അപ്പുറം യോഗ്യത നേടിയ പല നേതാക്കളും നമുക്കുണ്ടെന്നത് രോമാഞ്ചത്തോടു കൂടി മാത്രമെ ഓർക്കാൻ കഴിയൂ.
ചില കസേരകൾ ചിലരൊക്കെ തന്ത്രത്തിൽ ഒപ്പിച്ചെടുത്തത് ഈ യുക്തിയുടെ അടിസ്ഥാനത്തിലാണ്. ചൂട് ചോറ് വാരി കൈപൊള്ളിയാലും പൊള്ളിയ കൈ നക്കിത്തണുപ്പിച്ച് പിന്നെയും അടുത്ത പാത്രത്തിലെ ചോറിൽ കൈയിടാൻ തയ്യാറായി നിൽക്കുന്ന അനുയായികളാണ് ഇത്തരം നേതാക്കളുടെ ശക്തി. ധീരന്മാരെന്നും വിശ്വസ്തരെന്നുമൊക്കെയുള്ള പട്ടങ്ങൾ നൽകി ഇവരെ തോളോടു ചേർത്ത് നിറുത്തുന്നവർ ചില ഘട്ടങ്ങളിൽ ഇതെല്ലാം മറന്ന് കൈവിട്ടെന്നുമിരിക്കും.അപ്പോഴും 'ധീരന്മാരായ' അനുയായികൾ പിന്മാറില്ല, അടുത്ത നേതാവിന് വേണ്ടി മറ്റൊരു പാത്രത്തിലെ ചൂടുചോർ അവർ വാരി കഴിഞ്ഞിരിക്കും. രാഷ്ട്രീയത്തിലെ പതിവ് കാഴ്ചകളാണ് ഇതെല്ലാം. എന്നാൽ ഇപ്പോൾ ഇതൊക്കെ പറയാൻ എന്താണ് കാരണം എന്ന് വായനക്കാർ ന്യായമായും സംശയിച്ചേക്കാം. ആലപ്പുഴയിലെ ബൈപാസ് ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട ചാല കാര്യങ്ങളാണ് ഇപ്പോൾ ഈ ചിന്തയിലേക്ക് നയിച്ചത്. കുട്ടിക്കുരങ്ങന്മാരെന്ന് നേരത്തെ പരാമർശിച്ചത് പഴഞ്ചൊല്ല് മാത്രമാണ്. ഇനി പറയാൻ പോകുന്ന സംഭവങ്ങളിൽ പരാമർശിക്കുന്ന ഒരു വ്യക്തിക്കും ജീവിച്ചിരിക്കുന്നതോ , മരിച്ചതോ ആയ ഒരു കുരങ്ങന്മാരുമായും യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കട്ടെ. അഥവാ എന്തെങ്കിലും സാമ്യം തോന്നിയാൽ അത് വായനക്കാരുടെ ഭാവനാവിലാസം മാത്രമായിരിക്കുമെന്നും ഇതെഴുതുന്ന ആൾക്ക് അക്കാര്യത്തിൽ യാതൊരു ഉത്തരവാദിത്വവും ഇല്ലെന്നും കൂടി ഓർമ്മിപ്പിച്ചു കൊള്ളുന്നു.
കാത്തിരിപ്പിന് വിരാമം
നാലര പതിറ്രാണ്ടായി ആലപ്പുഴ ബൈപാസ് എന്ന സ്വപ്നവുമായി കഴിയുകയാണ് പാവപ്പെട്ട ജില്ലക്കാരായ ആലപ്പുഴ നിവാസികൾ. പലതവണ തറക്കല്ലിട്ടു. ഇട്ടകല്ലുകൾ മണ്ണിൽ കിടന്ന് മുളച്ചതല്ലാതെ യാതൊരു ഫലവും കണ്ടില്ല. പദ്ധതി തയ്യാറാക്കൽ, സ്ഥലമെടുപ്പ്, വഴിത്തർക്കം, മരംമുറിയ്ക്കൽ ,ആരാധനാലയങ്ങൾ അങ്ങനെ പതിവ് കലാപരിപാടികളിൽ തട്ടി ബൈപാസ് നിർമ്മാണം ഗണപതി കല്യാണം പോലെ അങ്ങനെ നീണ്ടുപോയി. ഏതായാലും 2015-ൽ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ഇട്ട കല്ല് അങ്ങുറച്ചു. വിശദമായ പദ്ധതി റിപ്പോർട്ടിന് അംഗീകാരം കിട്ടി, പണി തുടങ്ങി. ഏതു പദ്ധതി തുടങ്ങിയാലും അതിന് തുരങ്കം പണിയുന്നതിൽ വിദഗ്ദ്ധരാണല്ലോ, നമ്മൾ മലയാളികൾ. വളരെ നല്ല സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള 'തുരങ്കം പണി' കാരണം ഭൂമിക്കടിയിലുള്ള തൂണുകളിൽ ബൈപാസ് നിർമ്മാണം അവസാനിച്ചു.
അപ്പോഴാണ് കേന്ദ്രത്തിൽ ബി.ജെ.പി സർക്കാരും പിന്നാലെ കേരളത്തിൽ പിണറായി സർക്കാരും അധികാരത്തിൽ വരുന്നത്. ബൈപാസ് പൂർത്തിയാക്കിയാൽ കിട്ടാവുന്ന രാഷ്ട്രീയ നേട്ടത്തെക്കുറിച്ച് 'ത്രികാലജ്ഞാനിയായ' മന്ത്രി സാക്ഷാൽ ജി.സുധാകരന് നല്ല ബോദ്ധ്യമുണ്ടായിരുന്നു. ബൈപാസിന്റെ ഒരു ഭാഗം രാഷ്ട്രീയത്തിലെ തന്റെ ആത്മമിത്രമായ മന്ത്രി തോമസ് ഐസക്കിന്റെ മണ്ഡലത്തിലാണ് അവസാനിക്കുന്നതെങ്കിലും മർമ്മഭാഗം തന്റെ നിയോജക മണ്ഡലത്തിലായതിനാൽ എങ്ങനെയും ബൈപാസ് യാഥാർത്ഥ്യമാക്കാൻ കവി മന്ത്രി ശപഥമെടുത്തു.
തല്ലിയും തലോടിയും നിർമ്മാണം
മന്ത്രി സുധാകരൻ ചൊല്ലിയാൽ അന്തമാതിരി താൻ. കേന്ദ്രത്തിലേക്ക് സ്നേഹരൂപത്തിലും അപേക്ഷാ രൂപത്തിലും കത്തുകൾ പാഞ്ഞു. ഉദ്യോഗസ്ഥന്മാർക്ക് ഉഗ്രശാസനങ്ങളും പാഞ്ഞു. റെയിൽവേ ഓവർ ബ്രിഡ്ജിനെച്ചൊല്ലി ചുവപ്പുകൊടി കാട്ടി വഴിമുടക്കി നിന്ന റെയിൽവേയുടെ തർക്കങ്ങൾ പരിഹരിച്ചു. ബൈപാസ് അങ്ങനെ അവസാന ഘട്ടത്തിലേക്ക് കടന്നു. പ്രധാനമന്ത്രി ഉദ്ഘാടകനാവാൻ മോഹമറിയിച്ച് കത്തയച്ചു. പിന്നീട് അക്കാര്യത്തിൽ വ്യക്തത വരാഞ്ഞതിനാലും നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബൈപാസ് ഉദ്ഘാടനം ചെയ്ത് കുറേ വോട്ടുകൾ പെട്ടിയിൽ വീഴ്ത്തേണ്ടതിനാലും പ്രധാനമന്ത്രി ഇല്ലെങ്കിലും ബൈപാസ് ഉദ്ഘാടനം ചെയ്യാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.
മന്ത്രി സുധാകരന്റെ കാര്യമറിയാമല്ലോ, ഒരു കാര്യത്തിന് ഇറങ്ങിത്തിരിച്ചാൽ അതങ്ങു തീർക്കാതെ അദ്ദേഹവും ഉറങ്ങില്ല, കൂടെയുള്ള ഉദ്യോഗസ്ഥരെയും ഉറക്കില്ല. അങ്ങനെ ഉദ്ഘാടന ദിനമെത്തി. തൊട്ടു തലേന്നാളെത്തിയപ്പോഴാണ് ആലപ്പുഴ ഡി.സി.സി ക്ക് ഒരു ഉൾവിളി. തങ്ങളുടെ പ്രിയപ്പെട്ട ഒരാളെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല. ആലപ്പുക്കാരുടെ 'ചങ്ക് ' എന്ന് സ്വയം വിശ്വസിക്കുകയും വിശേഷിപ്പിക്കുകയും ചെയ്ത് അമരധീരനായി വിലസുന്ന സാക്ഷാൽ കെ.സി.വേണുഗോപാലിനെ. ഉത്സവപ്പറമ്പുകളിൽ നാടകം നടത്താനെത്തുന്ന സമതിക്കാർ പോലും ഇടവേളയിൽ, നാടകാവതരണത്തിന് അവസരം തന്ന കമ്മിറ്റിക്കാർ, മൈക്ക് സെറ്റുകാർ മുതൽ സ്റ്റേജ് കെട്ടാൻ കെട്ടുനാരു കീറിയവർക്ക് വരെ നന്ദി പറയാറുണ്ട്. എന്നിട്ടും ബൈപാസിന് വേണ്ടി വിയർപ്പൊഴുക്കിയ കെ.സി.യെ അവഗണിച്ചാൽ കോൺഗ്രസുകാർക്ക് സഹിക്കുമോ. തങ്ങളല്ല ചടങ്ങിന്റെ വിശദാംശങ്ങൾ തയ്യാറാക്കിയതെന്ന് സുധാകരൻ മന്ത്രി ആണയിട്ട് പറഞ്ഞിട്ടും കോൺഗ്രസുകാർക്ക് വിശ്വാസം പോരാ.
അങ്ങനെയാണ് ഉദ്ഘാടന ചടങ്ങു നടക്കുന്ന വേദിക്ക് സമീപത്തേക്ക് പ്രതിഷേധ മാർച്ച് നടത്താൻ ഡി.സി.സി നേതൃത്വം തീരുമാനിച്ചത്. ആറ്രുനോറ്റു കാത്തിരുന്ന ബൈപാസ് ഒന്നു തുറന്നു കിട്ടാൻ വെമ്പൽ കൊണ്ടിരുന്ന നാട്ടുകാർക്കിടയിലേക്ക് പ്ളക്കാർഡും കൊടിയും പിടിച്ചുവന്ന കോൺഗ്രസുകാരാവട്ടെ ഇളിഭ്യരായ മട്ടായി. കാരണം സ്വന്തം പാർട്ടിക്കാർ പോലും ശകുനം മുടക്കികൾ എന്ന് വിളിച്ചാണ് പ്രതിഷേധക്കാരെ ശപിച്ചത്.
ഇതുകൂടി കേൾക്കണേ
മത്സരിച്ചു ജയിച്ച എം.പിമാർ കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന് ഹൈക്കമാൻഡ് നിർദ്ദേശമുണ്ട്.മത്സരിക്കാതെ ചുളുവിൽ രാജ്യസഭയിലെത്തിയ കെ.സി ക്ക് വേണമെങ്കിൽ ആലപ്പുഴയിൽ മത്സരിക്കാമല്ലോ. അതിന് വളമിടാനുള്ള നീക്കമായിരുന്നു പ്രതിഷേധം എന്നാണ് ഇപ്പോഴുള്ള അടക്കം പറച്ചിൽ.